---
title: "പിണറായി കേളാലൂരിൽ സാധനം വാങ്ങാനെത്തി കടയിൽനിന്ന് പണം കവർന്നയാൾ അറസ്റ്റിൽ"
english_title: "Money thaft man were arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42912/money-thaft-man-were-arrested"
published_at: "2022-05-15T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280c8114ff84_PicsArt_05-15-02.59.32.jpg"
keywords: []
---

# പിണറായി കേളാലൂരിൽ സാധനം വാങ്ങാനെത്തി കടയിൽനിന്ന് പണം കവർന്നയാൾ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: പിണറായി കേളാലൂരിൽ സാധനം വാങ്ങാനെത്തി കടയിൽനിന്ന് പണം കവർന്നയാൾ അറസ്റ്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണം നടത്തിയ കേസുകളിലെ പ്രതിയെ പിണറായി പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട ഐ.ടി.ഐ.യ്ക്കു സമീപം മുഹമ്മദ് സാജിദ് ആണ് പോലീസിന്റെ നാടകീയ നീക്കത്തിൽ പിടിയിലായത്.

## Article Content

കണ്ണൂർ: പിണറായി കേളാലൂരിൽ സാധനം വാങ്ങാനെത്തി കടയിൽനിന്ന് പണം കവർന്നയാൾ അറസ്റ്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണം നടത്തിയ കേസുകളിലെ പ്രതിയെ പിണറായി പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട ഐ.ടി.ഐ.യ്ക്കു സമീപം മുഹമ്മദ് സാജിദ് ആണ് പോലീസിന്റെ നാടകീയ നീക്കത്തിൽ പിടിയിലായത്.

വ്യാഴാഴ്ചയാണ് കേളാലൂർ പുലരി ക്ലബ്ബിന് സമീപത്തെ എസ്.എസ്. സ്റ്റോറിൽ മോഷണം നടന്നത്. കാറിലെത്തിയ സാജിദ് സാധനങ്ങൾ വാങ്ങി കടയും പരിസരവും നിരീക്ഷിച്ചശേഷം തിരികെപോയി. കുറച്ച് കഴിഞ്ഞ് വീണ്ടുമെത്തി സാജിദ് മുട്ട വാങ്ങാൻ മറന്നെന്നും മുട്ട പൊതിഞ്ഞുനൽകാനും ആവശ്യപ്പെട്ടു.

മുട്ടയെടുക്കാൻ അകത്തേക്ക് പോയ തക്കംനോക്കി കടയിലെ മേശക്കടിയിൽ സൂക്ഷിച്ചിരുന്ന 60,000 രൂപയടങ്ങിയ ബാഗ് കൈക്കലാക്കി മുട്ടയുമായി കാറിൽകയറി സ്ഥലംവിട്ടു. പിന്നീടാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം കടക്കാരൻ അറിഞ്ഞത്. തുടർന്ന് വെള്ളിയാഴ്ച കടയുടമ നെല്യാടൻ ശ്രീധരൻ പിണറായി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്താൻ സഹായകമായത്.

വെള്ളിയാഴ്ച വൈകിട്ടോടെ തോട്ടടയിലെ വീടിനു മുന്നിൽ സാധാരണവേഷത്തിൽ അന്വേഷണസംഘം നിലയുറപ്പിച്ചിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ സാജിദിനെ പുറത്തേക്ക് വിളിച്ച് ചോദ്യംചെയ്തു. ആദ്യഘട്ടത്തിൽ മോഷണം നിഷേധിച്ച ആൾ യാത്രയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ ഓരോന്നായി കാണിച്ചതോടെ ഒടുവിൽ കുറ്റം സമ്മതിച്ചു.

ഇതോടെ തൊണ്ടിമുതൽ കണ്ടെത്താനായി പോലീസിന്റെ ശ്രമം. കടയുടമയ്ക്ക് കേസിൽ താത്‌പര്യമില്ലെന്നും പണം തിരികെ നൽകി മാപ്പുപറഞ്ഞാൽ കേസ് ഒത്തുതീർക്കാൻ സഹായിക്കാമെന്നും പോലീസ് പറഞ്ഞതോടെ വീടിനകത്ത് സൂക്ഷിച്ച 59,800 രൂപ പോലീസിനെ ഏൽപ്പിച്ചു. തുടർന്ന് ചില നടപടിക്രമങ്ങളുണ്ടെന്നും സ്റ്റേഷനിൽ കൂടെ വരണമെന്നും ആവശ്യപ്പെട്ടു.

തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് എറണാകുളത്ത് കടയിൽനിന്ന് ഒന്നരലക്ഷം രൂപയുമായി കടന്നതുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആറ് മോഷണങ്ങൾ നടത്തിയത് സാജിദ് പോലീസിനോട് സമ്മതിച്ചത്. മോഷണത്തിനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കോടതി റിമാൻഡ്‌ ചെയ്തു. പിണറായി എസ്.എച്ച്.ഒ. ഇ.കെ. രമ്യ, എസ്.ഐ. സി.പി. അബ്ദുൾ നസീർ, എ.എസ്.ഐ. ഇ.കെ. വിനോദ്, സി.പി.ഒ.മാരായ ഷിജു മാവിലക്കണ്ടി, രജീഷ് ഉച്ചുമ്മൽ, സച്ചിൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42912/money-thaft-man-were-arrested)