---
title: "ജില്ലയിൽ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സര്‍വേ തുടങ്ങി"
english_title: "The second phase of land acquisition survey for Kinfra Industrial Park has started in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42939/the-second-phase-of-land-acquisition-survey-for-kinfra-industrial-park-has-started-in-the-district"
published_at: "2022-05-15T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280f6f498c3f_n38645149616526172850624d925099273b7798a2c5e81a40674fb962ba35397ac3129256684ffe83137a32.jpg"
keywords: []
---

# ജില്ലയിൽ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സര്‍വേ തുടങ്ങി

> **Lead Summary:** **മട്ടന്നൂര്‍**: കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സര്‍വേ തുടങ്ങി. പാര്‍ക്കിനായി അഞ്ചരക്കണ്ടി, കീഴല്ലൂര്‍, പടുവിലായി വില്ലേജുകളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 201.4 ഹെക്ടര്‍ ഭൂമിയുടെ സര്‍വേയാണ് തുടങ്ങിയത്.

## Article Content

**മട്ടന്നൂര്‍**: കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സര്‍വേ തുടങ്ങി. പാര്‍ക്കിനായി അഞ്ചരക്കണ്ടി, കീഴല്ലൂര്‍, പടുവിലായി വില്ലേജുകളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 201.4 ഹെക്ടര്‍ ഭൂമിയുടെ സര്‍വേയാണ് തുടങ്ങിയത്.

ആദ്യഘട്ടമായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിരുകള്‍ അടയാളപ്പെടുത്തി കുറ്റിയടിച്ചിരുന്നു

കിന്‍ഫ്ര അഡ്വൈസര്‍ വി.എന്‍. സജീവന്റെയും ചാലോട് സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍.എ) ഓഫിസ് അധികൃതരുടെയും നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്.പനയത്താംപറമ്ബിലാണ് സര്‍വേ. കിന്‍ഫ്ര ഇതിനകം സ്ഥാപിച്ച അതിര്‍ത്തി കാണിക്കുന്ന കുറ്റികളില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുകയും വ്യക്തികളുടെ കൈവശമുള്ള ഭൂമി അവരുടെ രേഖകളുടെ അടിസ്ഥാനത്തില്‍ അളന്നുതിട്ടപ്പെടുത്തുകയും ചെയ്യും.

ഭൂവുടമകള്‍ അവരുടെ ഭൂമിയിലുള്ള കാടുകള്‍ വെട്ടിത്തെളിച്ച്‌ ഭൂമി അളക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ധര്‍മടം, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന വ്യവസായ പാര്‍ക്കിന്റെ നിര്‍മാണത്തിന് നടപടികള്‍ വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട സര്‍വേ തുടങ്ങിയത്.ഏറ്റെടുക്കുന്ന ഭൂമിയില്‍ കിന്‍ഫ്ര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയശേഷം വ്യവസായികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കും. കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ച്‌ വ്യവസായ വികസനത്തിനായി 5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതോടെ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാംപറമ്ബ് കിന്‍ഫ്ര പാര്‍ക്കില്‍ ഐ.ടി പാര്‍ക്ക്, ഭക്ഷ്യസംസ്കരണ യൂനിറ്റ് തുടങ്ങിയവ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42939/the-second-phase-of-land-acquisition-survey-for-kinfra-industrial-park-has-started-in-the-district)