---
title: "ചെറുപ്രായത്തിൽ തന്നെ സൗണ്ട് എഞ്ചിനിയറായി കഴിവ് തെളിയിച്ചിരിക്കയാണ്  പന്ത്രണ്ടുകാരനായ ജിൻഷിൻ"
english_title: "Jinshin, 12, of Koothuparamba Neervveli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43267/jinshin-12-of-koothuparamba-neervveli"
published_at: "2022-05-17T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62835898e0ca5_Picsart_22-05-17_13-40-16-947.jpg"
keywords: []
---

# ചെറുപ്രായത്തിൽ തന്നെ സൗണ്ട് എഞ്ചിനിയറായി കഴിവ് തെളിയിച്ചിരിക്കയാണ്  പന്ത്രണ്ടുകാരനായ ജിൻഷിൻ

> **Lead Summary:** കൂത്തുപറമ്പ: ചെറുപ്രായത്തിൽ തന്നെ സൗണ്ട് എഞ്ചിനിയറായി കഴിവ് തെളിയിച്ചിരിക്കയാണ് കൂത്തുപറമ്പ് നീർവ്വേലിയിലെ പന്ത്രണ്ടുകാരനായ ജിൻഷിൻ. സകലകലാ വല്ലഭനായ പിതാവ് സ്വാമി ജഗദീഷിൽ നിന്നാണ് ജിൻഷിൻ സൗണ്ട് എഞ്ചിനിയറിങ്ങിൽ ഉൾപ്പെടെ പ്രാവിണ്യം നേടിയത്.

## Article Content

കൂത്തുപറമ്പ: ചെറുപ്രായത്തിൽ തന്നെ സൗണ്ട് എഞ്ചിനിയറായി കഴിവ് തെളിയിച്ചിരിക്കയാണ് കൂത്തുപറമ്പ് നീർവ്വേലിയിലെ പന്ത്രണ്ടുകാരനായ ജിൻഷിൻ. സകലകലാ വല്ലഭനായ പിതാവ് സ്വാമി ജഗദീഷിൽ നിന്നാണ് ജിൻഷിൻ സൗണ്ട് എഞ്ചിനിയറിങ്ങിൽ ഉൾപ്പെടെ പ്രാവിണ്യം നേടിയത്.

കൂത്തുപറമ്പ് നീർവേലിയിലെ വെന്നലത്തു വീട്ടിലേക്ക് ജഗദീഷ് സ്വാമിയെയും മകൻ ജിൻഷിനേയും തേടി എത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. വരുന്നവരുടെ പ്രശ്നങ്ങൾ എന്ത് തന്നെ ആയാലും ജഗദീഷ് സ്വാമിയേയോ മകനേയോ കണ്ടാൽ അതിനൊക്കെ പരിഹാരം ലഭിക്കുന്നു എന്നത് തന്നെയാണ് ഇവിടേക്ക് നിരവധി പേരെ ആകർഷിക്കുന്നതും.

കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ അധികമായി ഒരിക്കലും കെടാതെ വിളക്ക് തെളിയിക്കുന്നതും വെന്നലത്തു വീട്ടിലെ മറ്റൊരു പ്രത്യേകതയാണ്. സംഗീത ഉപകരണങ്ങളായ വയലിൻ, കീബോർഡ്,തബല എന്നിവയിലും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി,എന്നിവയിലും ഇരുവരും തങ്ങളുടെതായ കഴിവുകൾ അടയാളപെടുത്തിയിട്ടുണ്ട്.

ഒപ്പം തന്നെ സ്വന്തമായി ഒരു സൗണ്ട് റെക്കോർഡ് യൂണിറ്റും വെന്നലത്തു വീട്ടിലുണ്ട്. ശബ്ദ നിയന്ത്രണത്തിന് പുറമെ  വീടിന്റെ കവാടം മുതൽ എല്ലാ പണിത്തരങ്ങളിലും അച്ഛന്റെയും മകന്റെയും കരവിരുതാണ്. ഇവിടെ എല്ലാം സിംപിൾ ആണ്.

വെൽഡിങ്, പ്ലബിങ്, വയറിങ്, പെയിൻ്റിങ്ങ്, മരങ്ങളിലുള്ള കൊത്തുപണികൾ, ഫർണിച്ചർ നിർമ്മാണം, സോഫ സെറ്റിങ് തുടങ്ങി എല്ലാ പണി തരങ്ങളും ചെയ്തിരിക്കുന്നത് ജഗദീഷും കുടുംബവും തന്നെയാണ്. അതിനാവശ്യമായ ഉപകരണങ്ങളും വീട്ടിൽ സജ്ജമാണ്.

12 വയസ്സുകാരനായ ജിൻഷിൻ ഏറ്റവും പ്രായം കുറഞ്ഞ സൗണ്ട് എഞ്ചിനീയറായി ഇതിനകം സാമൂഹ്യ മാധ്യമങ്ങളിലൂടെ  വൈറലാവുകയാണ്. സകലകലാവല്ലഭൻ എന്ന പേരിൽ അറിയപ്പെടുന്ന അച്ഛൻ  ജഗദീഷാണ് ജിൻ ഷിൻ്റെ മാതൃക. ഏഴ് വയസ്സുമുതൽ ജിൻഷിൻ അച്ഛന്റെ കൂടെ സൗണ്ട് ഓപ്പറേറ്ററായി പരിപാടികളിൽ പങ്കെടുക്കാറുണ്ട്.  

രണ്ട് വർഷമായി സ്വന്തമായി പരിപാടികൾ ഏറ്റെടുത്ത് ചെയ്യുകയുമാണ് കൊച്ചു മിടുക്കൻ. അൻപതോളം പരിപാടികളിൽ 12 വയസ്സുകാരനായ ജിൻഷിൻ ശബ്ദം നിയന്ത്രിച്ചു. ശബ്ദം നിയന്ത്രിച്ച വേദികളിൽ നിന്ന് തന്നെ ജിൻഷിന് പ്രമുഖരുടെ അനുമോദനവും ലഭിച്ചിട്ടുണ്ട്.

അതോടൊപ്പം പുതുതായി വാങ്ങിയ ഇലട്രിക് സക്കൂട്ടറിൽ പ്രത്യേക രീതിയിൽ മ്യൂസിക് സിസ്റ്റം ഒരുക്കിയാണ് ജിൻഷിൻ്റെ യാത്ര. തന്റെ എല്ലാ നേട്ടത്തിലും പുറകിൽ അച്ഛനാണെന്ന് ജിൻഷിൻ പറയുന്നു. മെരുവമ്പായി യുപി സ്കൂളിൽ നിന്ന് ഏഴാം തരം പൂർത്തിയാക്കിയ ജിൻഷിൻ പഠിത്തത്തിലും മിടുക്കനാണ്.

മൊകേരി രാജീവ് ഗാന്ധി സ്കൂളിലേക്ക് എട്ടാം തരത്തിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്.അമ്മ ഷിജിനയുടെയും  സഹോദരി ജിന്റിനയുടെയും പിന്തുണയും ഇരുവർക്കുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43267/jinshin-12-of-koothuparamba-neervveli)