---
title: "കാനംവയലിലും ചേന്നാട്ടുകൊല്ലിയിലും കാട്ടാന കൃഷി നശിപ്പിച്ചു"
english_title: "Wild crops were destroyed in Kanamvayal and Chennattukolli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43270/wild-crops-were-destroyed-in-kanamvayal-and-chennattukolli"
published_at: "2022-05-17T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283584951284_Picsart_22-05-17_13-37-06-532.png"
keywords: []
---

# കാനംവയലിലും ചേന്നാട്ടുകൊല്ലിയിലും കാട്ടാന കൃഷി നശിപ്പിച്ചു

> **Lead Summary:** **ചെറുപുഴ:** ചെറുപുഴ പഞ്ചായത്തിലെ കാനംവയലിലും ചേന്നാട്ടുകൊല്ലിയിലും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. മുണ്ടറോട്ട് റെയ്ഞ്ചിൽപ്പെട്ട കർണാടക വനത്തിൽനിന്നുമാണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്.

## Article Content

**ചെറുപുഴ:** ചെറുപുഴ പഞ്ചായത്തിലെ കാനംവയലിലും ചേന്നാട്ടുകൊല്ലിയിലും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. മുണ്ടറോട്ട് റെയ്ഞ്ചിൽപ്പെട്ട കർണാടക വനത്തിൽനിന്നുമാണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്.

കുറെ ദിവസമായി വനാതിർത്തിയിൽ കാട്ടാനകളുണ്ടെങ്കിലും കഴിഞ്ഞ ദിവസം രാത്രിയിലാണ് വ്യാപകമായി കൃഷികൾ നശിപ്പിച്ചത്. കായംമാക്കൽ സണ്ണി, പള്ളിത്താഴത്ത് പൗലോസ്, വാടാതുരുത്തേൽ ടോമി, കാവാലം ടോമി എന്നിവരുടെ കൃഷിയിടത്തിലാണ് കൂടുതൽ നാശമുണ്ടായത്. തെങ്ങ്, വാഴ, കമുക് തുടങ്ങി കണ്ണിൽ കണ്ടെതെല്ലാം നശിപ്പിച്ചു. ആറ് ആനകളുള്ള സംഘമാണ് കൃഷിയിടത്തിലിറങ്ങിയത്.

ഇവയെ തുരത്താൻ ശ്രമിച്ചെങ്കിലും നേരം വെളുത്തതോടെയാണ് ഇവ മടങ്ങിയത്. കാട്ടാനയെപ്പേടിച്ച് വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശത്തെ താമസക്കാർ പറഞ്ഞു. പ്രദേശത്ത് വൈദ്യുതവേലിയുണ്ടെങ്കിലും സംരക്ഷിക്കാത്തതിനാൽ ഉപയോഗശൂന്യമാണ്. പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ, സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. ജോയി, വനംവകുപ്പധികൃതർ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43270/wild-crops-were-destroyed-in-kanamvayal-and-chennattukolli)