---
title: "മാര്‍ക്ക് ജിഹാദ് പരാമർശം - ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി"
english_title: "markjihad action against the professor v sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4335/markjihad-action-against-the-professor-v-sivankutty"
published_at: "2021-10-09T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6161b84a5e4c5_v sivankutty mark jihad.jpg"
keywords: []
---

# മാര്‍ക്ക് ജിഹാദ് പരാമർശം - ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

> **Lead Summary:** തിരുവനന്തപുരം : കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു 'മാര്‍ക്ക് ജിഹാദ്'. പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ മാര്‍ക്ക് നല്‍കുന്നതാണ് മാര്‍ക്ക് ജിഹാദ് എന്നായിരുന്നു ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ പറഞ്ഞത്.

## Article Content

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു 'മാര്‍ക്ക് ജിഹാദ്'. പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ മാര്‍ക്ക് നല്‍കുന്നതാണ് മാര്‍ക്ക് ജിഹാദ് എന്നായിരുന്നു ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ പറഞ്ഞത്.

ഈ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കത്തയച്ചു. വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെക്ക് എതിരെ നടപടി എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രൊഫസര്‍ നടത്തിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണിത്. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസര്‍ക്കെതിരേ നടപടി വേണം. കത്തിലൂടെ മന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള സംഘടിത നീക്കമാണ് മാര്‍ക്ക് ജിഹാദ് എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നത് തടയാനാണ് നീക്കമെന്നും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളെ ചെറിയ കാരണങ്ങള്‍ പറഞ്ഞ് പ്രവേശനത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യ നിഷേധമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4335/markjihad-action-against-the-professor-v-sivankutty)