---
title: "ഓടപ്പൂവുണ്ടാക്കാൻ യന്ത്രവുമായി രാജു"
english_title: "Raju with the machine to make Kottiyoor's own flower"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43713/raju-with-the-machine-to-make-kottiyoors-own-flower"
published_at: "2022-05-19T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62861b3b68cd6_Screenshot_20220519_153347.jpg"
keywords: []
---

# ഓടപ്പൂവുണ്ടാക്കാൻ യന്ത്രവുമായി രാജു

> **Lead Summary:** കൊട്ടിയൂർ : വൈശാഖോത്സവത്തിന് കൊട്ടിയൂരിലെത്തുന്നവർക്ക് കൗതുകം പകരുന്ന കാഴ്ചയാണ് വഴിക്കിരുവശവുമായി തൂക്കിയിട്ടിരിക്കുന്ന ഓടപ്പൂക്കൾ. വെള്ളനിറത്തിലുള്ള ഓടപ്പൂ കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയാണ്.

## Article Content

കൊട്ടിയൂർ : വൈശാഖോത്സവത്തിന് കൊട്ടിയൂരിലെത്തുന്നവർക്ക് കൗതുകം പകരുന്ന കാഴ്ചയാണ് വഴിക്കിരുവശവുമായി തൂക്കിയിട്ടിരിക്കുന്ന ഓടപ്പൂക്കൾ. വെള്ളനിറത്തിലുള്ള ഓടപ്പൂ കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയാണ്.

വർഷങ്ങളായി കൈകൊണ്ട്‌ ചീകി തയ്യാറാക്കിയിരുന്ന ഓടപ്പൂ യന്ത്രത്തിൽ നിർമിക്കുകയാണ് കൊട്ടിയൂർ സ്വദേശിയായ കണ്ണികുളത്തിൽ രാജു. ഇൻറീരിയർ ഡിസൈൻ ചെയ്യുന്ന രാജു സ്വന്തം കണ്ടുപിടിത്തമായാണ് യന്ത്രമൊരുക്കിയത്.

പലരും ഇത്തരത്തിൽ ഓടപ്പൂ നിർമിക്കാൻ യന്ത്രനിർമാണത്തിനായി ശ്രമിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. മുളന്തണ്ടുകൾ വെട്ടിയെടുത്ത് വെള്ളത്തിൽ അലിയിച്ച് ചീകിയെടുത്താണ് ഓടപ്പൂവിന്റെ നിർമാണം.

സാധാരണ ഒരു ഓടപ്പൂ ചീകാൻ 15 മിനിറ്റോളം എടുക്കും. യന്ത്രസഹായത്താൽ ഒരു മിനിറ്റിൽ താഴെ സമയംകൊണ്ട് ചീകിയെടുക്കാനാകും. ദിവസേന 500-ലേറെ ഓടപ്പൂവാണ് രാജു ചീകുന്നത്. ഈ പൂക്കൾ ഉത്സവനഗരിയിൽ വില്പന നടത്തുന്നവർക്ക് നൽകും.

ഒരു പൂവിന് 4.5 രൂപയാണ് ലഭിക്കുക. പരീക്ഷണം വിജയമായതോടെ വരും വർഷം 15 ഓടപ്പൂക്കൾ ഒരേ സമയം ചീകാനുള്ള യന്ത്രം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജു. ഭാര്യ ഷീജയും പിന്തുണയുമായി ഒപ്പമുണ്ട്.

ദക്ഷന്റെയും മുനിമാരുടെയും താടിയെന്ന്‌ കരുതുന്ന ഓടപ്പൂവിന് വിശ്വാസത്തിന്റെ പരിവേഷവുമുണ്ട്. ക്ഷേത്രദർശനത്തിനെത്തുന്നവർ ഇത് പ്രസാദമായി കൊണ്ടുപോയി വീടുകളിൽ സൂക്ഷിക്കും. ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് ഓടപ്പൂവിനെ കണക്കാക്കുന്നത്. കൊട്ടിയൂർ ദേവസ്വം ഓടപ്പൂവിന്റെ പാറ്റൻറും സ്വന്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43713/raju-with-the-machine-to-make-kottiyoors-own-flower)