---
title: "കൊറിയൻ ആയോധന കലയുടെ മലയാളി സാന്നിദ്ധ്യമായി വേണുഗോപാൽ കൈപ്രത്ത്"
english_title: "Venugopal Kaiprath as a Malayalee presence in Korean martial arts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43795/venugopal-kaiprath-as-a-malayalee-presence-in-korean-martial-arts"
published_at: "2022-05-20T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286e91b8cd55_Screenshot_20220520-062444.png"
keywords: []
---

# കൊറിയൻ ആയോധന കലയുടെ മലയാളി സാന്നിദ്ധ്യമായി വേണുഗോപാൽ കൈപ്രത്ത്

> **Lead Summary:** കൊറിയൻ ആയോധന കലയുടെ മലയാളി സാന്നിദ്ധ്യമായി വേണുഗോപാൽ കൈപ്രത്ത്.കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷക്കാലത്തോളമായി തൈക്വാണ്ടോ പ്രചാരകനായും, പരിശീലകനായും പ്രവർത്തിക്കുകയാണ് ഈ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി .

## Article Content

കൊറിയൻ ആയോധന കലയുടെ മലയാളി സാന്നിദ്ധ്യമായി വേണുഗോപാൽ കൈപ്രത്ത്.കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷക്കാലത്തോളമായി തൈക്വാണ്ടോ പ്രചാരകനായും, പരിശീലകനായും പ്രവർത്തിക്കുകയാണ് ഈ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി .

കേരളത്തിൽ പ്രത്യേകിച്ച് ഉത്തര മലബാറിൽ തൈക്വാണ്ടോ പരിശീലന രംഗത്ത് തൻേറതായ ഇടം അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് വേണുഗോപാൽ കൈപ്രത്തിൻ്റേത്.

1984 ൽ തലശ്ശേരി പൊന്ന്യം എ.കെ.ജി കളരി സംഘത്തിൽ ആയോധന വിദ്യ അഭ്യസിച്ചു കൊണ്ടാണ് വേണുഗോപാൽ ഈ രംഗത്തേക്കു കടന്നു വന്നത്. തലശ്ശേരിയിൽ നിന്ന് താമസം പയ്യന്നൂരിലേക്ക് മാറി..

1986 ൽ പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ പരിശീലന ക്ലാസ് ആരംഭിക്കുമ്പോൾ തൈക്വാണ്ടോ എന്ന വിശ്വവിഖ്യാതമായ മാർഷൽ ആർട്ടിനെ ക്കുറിച്ച് കേരളീയരിൽ ഏറെക്കുറേ അജ്ഞരായിരുന്നു. പിന്നീട് ബോയ്സ് ഹൈസ്കൂളിൽ നിന്നും വേണുഗോപാൽ തൻ്റെ പരിശീലന കളരി കുഞ്ഞിമംഗലത്തെ വീട്ടിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. ഇന്ന് അയൽ ജില്ലകളിൽ നിന്നു പോലും അഭ്യാസ പരിശീലനത്തിനായി ശിഷ്യന്മാർ ഇദ്ദേഹത്തെ തേടിയെത്തുന്നുണ്ട്.

1991 ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും 1992 ൽ ബാംഗ്ലൂരിൽ വെച്ച് ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെൽട്ടും, 1995 ൽ ചണ്ഡിഗഡിൽ വെച്ച് സെക്കൻ്റ് ഡിഗ്രി ബ്ലാക്ക് ബെൽട്ടും ,ബോംബെയിൽ നിന്ന് ഫോർത്ത് ഡിഗ്രി ബ്ലാക്ക് ബെൽട്ടും, 2002 ൽ ഇംഗ്ലണ്ടിൽ നിന്ന് ഫിഫ്ത്ത് ഡിഗ്രി ബ്ലാക്ക് ബെൽട്ടും ഇദ്ദേഹം കരസ്ഥമാക്കി.

2002 മുതൽ 2005 വരെ ഇംഗ്ലണ്ടിൽ വച്ച് തെക്വാണ്ടോ ഇൻസ്ട്രക്ടർ പരിശീലനം നടത്തിയെന്ന അപൂർവ്വ നേട്ടവും വേണുഗോപാലിന് അവകാശപ്പെട്ടതാണ്. തൈക്വാണ്ടോയിൽ സിക്സ്ത്ത് ഡിഗ്രിബ്ലാക്ക് ബെൽട്ടെന്ന അപൂർവ്വ നേട്ടവും വേണുഗോപാൽ സ്വന്തം പേരിൽ എഴുതിച്ചേർത്തു. തൈക്വാണ്ടോ പ്രചരണ രംഗത്ത് ഇദ്ദേഹം നൽകിയ സമഗ്രസംഭാവനകൾക്കുള്ള അംഗീകാരമായി 2018ൽ മാർഷൽ ആർട്ട്സിൽ ഹോണററി ഡോക്ടറേറ്റും കർമ്മ രത്ന പുരസ്കാരവുമടക്കം നിരവധി ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. ഇദ്ദേഹം എൻ.സി.സി, എസ്.പി.സി, സ്കൗട്ട്, സി ആർ പി എഫ് തുടങ്ങിയ സംഘടനകൾക്കും സൗജന്യ പരിശീലനം നൽകാറുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമങ്ങൾ വർധിച്ചുവരുന്ന വർത്തമാനകാലത്ത് അവയെ ഫലപ്രദമായി പ്രതിരോധിക്കാൻ ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും, സൗജന്യ സ്വയം പ്രതിരോധ ക്ലാസുകൾ സംഘടിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്താറുണ്ട്.

തൻ്റെ ജീവിതം തൈക്വാണ്ടോ പ്രചരണത്തിനായി സമർപ്പിച്ച ഇദ്ദേഹത്തിന് കാളീശ്വരം സ്കൂളിലെ അദ്ധ്യാപികയായ ഭാര്യ ജ്യോതിയിൽ നിന്നും, മക്കളായ ശ്രേയ വേണുഗോപാൽ, ശ്വേത വേണുഗോപാൽ എന്നിവരിൽ നിന്നും പരിപൂർണമായ സഹായവും, പിൻതുണയും ലഭിക്കുന്നുണ്ട്. പിതാവിൻ്റെ പാത പിൻതുടർന്ന് അദ്ദേഹത്തിൻ്റെ രണ്ടു മക്കളും തൈക്വാണ്ടോ രംഗത്ത് കഴിവ് തെളിയിച്ചവരാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43795/venugopal-kaiprath-as-a-malayalee-presence-in-korean-martial-arts)