---
title: "കനത്ത മഴയിൽ കണ്ണൂർ ചെറുതാഴത്ത് രണ്ട് വീടുകൾ പൂർണമായി തകർന്നു"
english_title: "Two houses were completely destroyed in heavy rains in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43882/two-houses-were-completely-destroyed-in-heavy-rains-in-kannur"
published_at: "2022-05-20T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62874c025fdbf_Picsart_22-05-20_13-35-58-316.jpg"
keywords: []
---

# കനത്ത മഴയിൽ കണ്ണൂർ ചെറുതാഴത്ത് രണ്ട് വീടുകൾ പൂർണമായി തകർന്നു

> **Lead Summary:** കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ നാശം ഉണ്ടായത് ചെറുതാഴം കടന്നപ്പള്ളിമേഖലയിൽ. ചെറുതാഴത്ത് രണ്ട് വീടുകൾ പൂർണമായി തകർന്നു. ചില വീടുകൾക്ക് ഭാഗികമായി കേടുപറ്റി.

## Article Content

കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ നാശം ഉണ്ടായത് ചെറുതാഴം കടന്നപ്പള്ളിമേഖലയിൽ. ചെറുതാഴത്ത് രണ്ട് വീടുകൾ പൂർണമായി തകർന്നു. ചില വീടുകൾക്ക് ഭാഗികമായി കേടുപറ്റി.

രണ്ട് കിണറുകൾ ഇടിഞ്ഞു. പയ്യന്നൂർ നഗരസഭയിലെ കാനായി മുക്കൂട്ടിൽ നാരായണിയുടെ വീടും മഴയിൽ തകർന്നു. തെങ്ങ്, കവുങ്ങ്, വാഴ എന്നിവ ചെറുതാഴം ,കടന്നപ്പള്ളി മേഖലകളിൽ വ്യാപകമായി നശിച്ചിട്ടുണ്ട്. വണ്ണാത്തിപ്പുഴയുടെ ഇരുകരകളിലും കരയിടിച്ചിൽ വ്യാപകമാണ്.

ചെറുതാഴം പഞ്ചായത്തിലെ അഞ്ഞൂറ് ഏക്കർ നെൽവയലുകളിൽ ഒന്നാം വിള കൃഷിക്കായി വിത്തിട്ടത് പാടെ ഒലിച്ചുപോയി. ഉൾനാടൻ റോഡുകൾ പലതും ചെളിമൺ കൂമ്പാരങ്ങളായി. അറത്തിൽ സ്കൂൾ-പുറച്ചേരി വായനശാല റോഡിൽ വയൽഭാഗം ചെളിമയമാണ്.

കോക്കാട് റോഡ്, പെരിയാട്ട് റോഡ്, പിലാത്തറ ഭാരത് റോഡ്, അറത്തിലമ്പലം, ഏഴിലോട്-അറത്തിപ്പറമ്പ് റോഡുകളിലെല്ലാം ചരൽ മണ്ണും ചെളിമണ്ണും നിറഞ്ഞ് നാശോന്മുഖമായി. കോട്ടക്കുന്ന്-പുറച്ചേരി- ഏഴിലോട് റോഡും തകർന്നനിലയിലാണ്.

ചെറുതാഴം സ്പെഷ്യൽ വില്ലേജ് ഓഫീസർ എം.വി.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നാശനഷ്ടം വിലയിരുത്തി. കടന്നപ്പള്ളി വില്ലേജിൽ കൈതപ്രം പുനിയങ്കോട് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ച് കിടക്കുകയാണ്. പീരക്കാംതടത്തിലെ ലക്ഷ്മണന്റെ കിണർ ഇടിഞ്ഞ് നശിച്ചു. പടിഞ്ഞാറെക്കരയിലെ എം.വിജയന്റെ വീട്ടുപറമ്പിന്റെ മതിൽ തകർന്നുവീണു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43882/two-houses-were-completely-destroyed-in-heavy-rains-in-kannur)