---
title: "വാഹനങ്ങളില്‍ അനധികൃതമായി സര്‍ക്കാര്‍ ചിഹ്നവും ബോര്‍ഡും പാടില്ല: ഹൈക്കോടതി"
english_title: "Vehicles may not bear government emblems or signs illegally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44137/vehicles-may-not-bear-government-emblems-or-signs-illegally"
published_at: "2022-05-21T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288bdee6b63f_IMG_20201208_163334.jpg"
keywords: []
---

# വാഹനങ്ങളില്‍ അനധികൃതമായി സര്‍ക്കാര്‍ ചിഹ്നവും ബോര്‍ഡും പാടില്ല: ഹൈക്കോടതി

> **Lead Summary:** കൊച്ചി: വാഹനങ്ങളില്‍ അനധികൃതമായി സര്‍ക്കാര്‍ ചിഹ്നങ്ങളും ബോര്‍ഡുകളും പതാകകളും ഉപയോഗിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ലൈറ്റുകളും നമ്ബര്‍ പ്ളേറ്റുകളും നിയമപരമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

## Article Content

കൊച്ചി: വാഹനങ്ങളില്‍ അനധികൃതമായി സര്‍ക്കാര്‍ ചിഹ്നങ്ങളും ബോര്‍ഡുകളും പതാകകളും ഉപയോഗിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ലൈറ്റുകളും നമ്ബര്‍ പ്ളേറ്റുകളും നിയമപരമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പാലക്കാട് അടയ്ക്കാപുത്തൂരിലെ ശബരി പി.ടി.ബി സ്‌മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാഹനത്തിന് വിദ്യാലയ വാഹനത്തിന്റെ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ജസ്‌റ്റിസ് അനില്‍ കെ. നരേന്ദ്രനാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. മോട്ടോര്‍വാഹന നിയമപ്രകാരമുള്ള സുരക്ഷാനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍പോലും പാലിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി.

സര്‍ക്കാര്‍, പൊലീസ് വാഹനങ്ങളില്‍ സണ്‍ഫിലിമും വിന്‍ഡോ കര്‍ട്ടനും പാടില്ലെന്ന് 2020 ഡിസംബര്‍ 14ന് ഡി.ജി.പിയും 2020 ഡിസംബര്‍ 30ന് ആഭ്യന്തരവകുപ്പും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇക്കാര്യത്തില്‍ കര്‍ശനനടപടി വേണമെന്ന് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.

ഇതിനായി ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഡി.ജി.പിക്കും ആഭ്യന്തരവകുപ്പിനും നല്‍കണം. സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് പിടിച്ചെടുത്ത് ഇവരെ അയോഗ്യരാക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കും ഇതിനായി നടപടി സ്വീകരിക്കാനാവുമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

നിയമലംഘനം കണ്ടെത്തി സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സമയം തേടി. കേന്ദ്രസര്‍ക്കാരിന്റെ വാഹനങ്ങളില്‍ കൊടികളും ചിഹ്നങ്ങളും ബോര്‍ഡുകളും വിന്‍ഡോ കര്‍ട്ടനുകളും അനധികൃതമായി സ്ഥാപിക്കുന്നത് തടയാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് അസി. സോളിസിറ്റര്‍ ജനറലും അറിയിച്ചു. ഹര്‍ജി ജൂണ്‍ 15ന് വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44137/vehicles-may-not-bear-government-emblems-or-signs-illegally)