---
title: "പിസി ജോർജിനെ തിരഞ്ഞ്  പോലീസ് ഈരാറ്റുപേട്ടയിലെ വീട്ടിൽ "
english_title: "Police search PC George's house in Erattupetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44200/police-search-pc-georges-house-in-erattupetta"
published_at: "2022-05-21T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289066b67af4_Screenshot_20220521-205531.png"
keywords: []
---

# പിസി ജോർജിനെ തിരഞ്ഞ്  പോലീസ് ഈരാറ്റുപേട്ടയിലെ വീട്ടിൽ 

> **Lead Summary:** **കൊച്ചി**: പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി . കൊച്ചി പൊലീസാണ് പരിശോധന നടത്തിയത് .പിസി ജോര്‍ജിനെ തിരഞ്ഞാണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് വിവരം. എന്നാല്‍ പിസി ജോര്‍ജ് കഴിഞ്ഞ കുറേ നാളായി ഈരാറ്റുപേട്ടയില്‍ നിന്ന് മാറിനില്‍ക്കുകയാണ്.

## Article Content

**കൊച്ചി**: പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി . കൊച്ചി പൊലീസാണ് പരിശോധന നടത്തിയത് .പിസി ജോര്‍ജിനെ തിരഞ്ഞാണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് വിവരം. എന്നാല്‍ പിസി ജോര്‍ജ് കഴിഞ്ഞ കുറേ നാളായി ഈരാറ്റുപേട്ടയില്‍ നിന്ന് മാറിനില്‍ക്കുകയാണ്.

പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് എത്തിയത്. തിരുവനന്തപുരത്ത് പിസി ജോര്‍ജിനെതിരെ കേസെടുത്ത ഘട്ടത്തില്‍ പോലും ഇദ്ദേഹം ഈരാറ്റുപേട്ടയില്‍ എത്തിയിരുന്നില്ല. അഞ്ച് മണിയോടെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെത്തിയത്. കുടുംബാംഗങ്ങളുമായി പൊലീസ് സംസാരിച്ചു. ഇവിടെ പിസി ജോര്‍ജിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി. പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് തളളിയിരുന്നു. ഉത്തരവിനെതിരെ തിങ്കളാഴ്ച്ച ഹൈക്കോടതിയെ സമീപിക്കാനാണ് പി സി ജോര്‍ജിന്‍റെ തീരുമാനം.

വെണ്ണല പ്രസംഗത്തിന്‍റെ എഡിറ്റ് ചെയ്ത ഭാഗമാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയതെന്നും കേസിന് പിന്നില്‍ രാഷ്ടീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുമാകും അറിയിക്കുക. മതിവിദ്വേഷം വളര്‍ത്തുന്ന രീതിയിലും പൊതു സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. എന്നാല്‍ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമുളള പ്രോസിക്യൂഷന്‍ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പി സി ജോര്‍ജിന്‍റെ നിലപാട്.

എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44200/police-search-pc-georges-house-in-erattupetta)