---
title: "കൊട്ടിയൂർ വൈശാഖോത്സവം: പ്ലാസ്റ്റിക് നിരോധനം കർശനമാക്കും : ജില്ലാ കലക്ടർ"
english_title: "Kottiyoor Vaishakhotsavam: Plastic ban will be tightened District Collector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44226/kottiyoor-vaishakhotsavam-plastic-ban-will-be-tightened-district-collector"
published_at: "2022-05-22T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628995e656958_images (2).jpeg"
keywords: []
---

# കൊട്ടിയൂർ വൈശാഖോത്സവം: പ്ലാസ്റ്റിക് നിരോധനം കർശനമാക്കും : ജില്ലാ കലക്ടർ

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റ് ഡിസ്പോസിബിളുകളും ഇല്ലാതെ ഹരിതോത്സവമായി സംഘടിപ്പിക്കുന്നതിന്റെ ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ വെള്ളിയാഴ്ച ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കൊട്ടിയൂരിലെത്തി.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റ് ഡിസ്പോസിബിളുകളും ഇല്ലാതെ ഹരിതോത്സവമായി സംഘടിപ്പിക്കുന്നതിന്റെ ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ വെള്ളിയാഴ്ച ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കൊട്ടിയൂരിലെത്തി.

പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായാണ് ഹരിതോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളും ഉത്സവങ്ങളും ചടങ്ങുകളും ഹരിത പെരുമാറ്റ ചട്ടപ്രകാരം നടത്തണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി ജില്ലയിൽ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിൻ. ജില്ലയിൽ ധർമ്മടം അണ്ടല്ലൂർ കാവ, പയ്യാവൂർ ഉത്സവം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രോൽസവം, ഇഫ്ത്താർ സംഗമങ്ങൾ തുടങ്ങിയവയെല്ലാം ഹരിതോൽസവമായാണ് നടത്തിയത്.

ദേവസ്വം അധികൃതർ, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, ഹരിത കേരളം മിഷൻ ജില്ലാ ടീം അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരുമായി ക്ഷേത്രത്തിലെ ഒരുക്കങ്ങളെ പറ്റി ജില്ലാ കലക്ടർ ചർച്ച ചെയ്തു.

ക്ഷേത്രപരിസരത്തെ കടകളിൽ പ്ലാസ്റ്റിക്ക് റെയ്ഡ് ശക്തിപ്പെടുത്താനും ഹോട്ടലുകളിൽ നിരന്തര പരിശോധന നടത്താനും നിർദേശം നൽകി. കൊട്ടിയൂരിലെ താൽക്കാലിക ആശുപത്രി കലക്ടർ സന്ദർശിച്ചു. ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളിൽ കലകട്ർ തൃപ്തി അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പൂടാകം, വൈസ് പ്രസിഡണ്ട് ഫിലോമിന, ഹരിത കേരളം മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ഇ കെ സോമശേഖരൻ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ കെ ഗോകുൽ, പഞ്ചായത്ത് സെക്രട്ടറി സത്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ , ദേവസ്വം പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44226/kottiyoor-vaishakhotsavam-plastic-ban-will-be-tightened-district-collector)