---
title: "ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം   ബസ്സുകൾ ആക്രി വിലയ്ക്ക് വിൽക്കുന്നു "
english_title: " Jantam buses are being sold at an acre price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44302/jantam-buses-are-being-sold-at-an-acre-price"
published_at: "2022-05-22T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a037214b97_Screenshot_20220522-150244.png"
keywords: []
---

# ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം   ബസ്സുകൾ ആക്രി വിലയ്ക്ക് വിൽക്കുന്നു 

> **Lead Summary:** **കൊച്ചി :** കെഎസ്‌ആര്‍ടിസി കൊട്ടിയാഘോഷിച്ച്‌ പുറത്തിറക്കിയ ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനം.വേണ്ട സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതെ കട്ടപ്പുറത്തായ കെഎസ്‌ആര്‍ടിസി ബസുകളാണ് ഇപ്പോള്‍ വില്‍ക്കാനായി ഒരുങ്ങുന്നത്. ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജവോള്‍വോ ബസുകളാണ് ആദ്യം ആക്രിവിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്.

## Article Content

**കൊച്ചി :** കെഎസ്‌ആര്‍ടിസി കൊട്ടിയാഘോഷിച്ച്‌ പുറത്തിറക്കിയ ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനം.വേണ്ട സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതെ കട്ടപ്പുറത്തായ കെഎസ്‌ആര്‍ടിസി ബസുകളാണ് ഇപ്പോള്‍ വില്‍ക്കാനായി ഒരുങ്ങുന്നത്. ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജവോള്‍വോ ബസുകളാണ് ആദ്യം ആക്രിവിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്.

രണ്ടു വര്‍ഷമായി ഓടാതെ തേവര യാര്‍ഡില്‍ ഇട്ടിരിക്കുന്ന 28 ബസുകളാണ് പരിശോധനയ്ക്കുശേഷം ഹൈക്കോടതി നിര്‍ദേശപ്രകാരം വില്‍ക്കാന്‍ തീരുമാനിച്ചത്. കെഎസ്‌ആര്‍ടിസി എന്‍ജിനീയര്‍മാര്‍, മോട്ടോര്‍വാഹന വകുപ്പ്, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജിലെ അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്ന സമിതി പരിശോധിച്ചിരുന്നു. ഇവ പൊളിച്ച്‌ നന്നാക്കണമെങ്കില്‍ ചുരുങ്ങിയത് 45 ലക്ഷം രൂപ വരെ ചെലവാകും. വീണ്ടും അത് അധിക ബാധ്യതയാണെന്ന കണക്ക് കൂട്ടിലിലാണ് ആക്രി വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. വേണ്ടസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതോടെയാണ് ഈ ബസുകളെല്ലാം നശിച്ചത്.

ഇതോടെ സര്‍ക്കാരിന്റെ കോടികളാണ് പാഴായത്. കൊച്ചി നഗരത്തിലിറക്കിയ ജന്റം ബസുകളുടെ മേല്‍നോട്ടച്ചുമതല നഗരസഭ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അത് കെഎസ്‌ആര്‍ടിസിക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് കെയുആര്‍ടിസി എന്ന പ്രത്യേക വിഭാഗത്തിന് കീഴിലാണ് ജന്റം ബസുകള്‍ ഓടിയത്. കോവിഡിന് മുമ്ബുതന്നെ ഈ സര്‍വീസുകള്‍ താളംതെറ്റിയതാണ്. ലഭിക്കുന്ന വരുമാനം ബസുകളുടെ ചെലവിന് പോലും തികയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. യാത്ര സുഖകരമല്ലാത്തതിനാല്‍ ജനങ്ങളും ഇതിനെ കൈയൊഴിഞ്ഞു. നഗരയാത്രയ്ക്കുള്ള ബസുകള്‍ ദീര്‍ഘദൂരയാത്രയ്ക്ക് ഉപയോഗിച്ചതും നഷ്ടം വര്‍ധിപ്പിച്ചു.

എസി ബസുകള്‍ക്കൊപ്പം 920 നോണ്‍ എസി എണ്ണം പൊളിച്ചുവില്‍ക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 620 ബസുകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എംഎസ്ടിസി വഴി ലേലം ചെയ്യും. 300 എണ്ണം ഷോപ്പ് ഓണ്‍ വീലാക്കും. സ്‌ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസുകളില്‍ 300 എണ്ണത്തിന്റെ ലേല നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44302/jantam-buses-are-being-sold-at-an-acre-price)