---
title: "വിജയ് ബാബു കീഴടങ്ങിയില്ലെങ്കിൽ സ്വത്തുവകകൾ കണ്ടുകെട്ടും "
english_title: "Actor vijaybabu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44378/actor-vijaybabu"
published_at: "2022-05-22T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a6e7342cb8_Screenshot_20220522-223913.png"
keywords: []
---

# വിജയ് ബാബു കീഴടങ്ങിയില്ലെങ്കിൽ സ്വത്തുവകകൾ കണ്ടുകെട്ടും 

> **Lead Summary:** **കൊച്ചി:** യുവനടിയെ ബലാത്‌സംഗം ചെയ്‌തെന്ന കേസിലെ പ്രതി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം.

## Article Content

**കൊച്ചി:** യുവനടിയെ ബലാത്‌സംഗം ചെയ്‌തെന്ന കേസിലെ പ്രതി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി അയല്‍ രാജ്യമായ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യ വകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടന്‍ റദ്ദാവും.

കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം. അതിനിടെയാണ് താരം ജോര്‍ജിയയിലേക്ക് കടന്നെന്ന സൂചന ലഭിച്ചത്. ഈ സാഹചര്യത്തില്‍ താരത്തിന് കീഴടങ്ങേണ്ടി വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മെയ് 24 നുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത്‌വകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സാമ്ബത്തിക ഇടപാടുകളിലും അന്വേഷണം നടത്തുന്നുണ്ട്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്ബത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44378/actor-vijaybabu)