---
title: "വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീരാട്ടം കൊട്ടിയൂരിൽ നടന്നു"
english_title: "The main function of the Vaishakha festival, Ilanirattam was held at Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44388/the-main-function-of-the-vaishakha-festival-ilanirattam-was-held-at-kottiyoor"
published_at: "2022-05-23T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ad819d6f64_InShot_20220523_061046806.jpg"
keywords: []
---

# വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീരാട്ടം കൊട്ടിയൂരിൽ നടന്നു

> **Lead Summary:** **കൊട്ടിയൂർ**: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീരാട്ടം കൊട്ടിയൂരിൽ നടന്നു. കൊട്ടിയൂരിലെ ആരാധനകളിൽ രണ്ടാമത്തേതായ അഷ്ടമി ആരാധനയും ഇന്നലെ ആയിരുന്നു. 

## Article Content

**കൊട്ടിയൂർ**: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീരാട്ടം കൊട്ടിയൂരിൽ നടന്നു. കൊട്ടിയൂരിലെ ആരാധനകളിൽ രണ്ടാമത്തേതായ അഷ്ടമി ആരാധനയും ഇന്നലെ ആയിരുന്നു. 

മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകൾ പൂജിക്കുന്ന ഭണ്ഡാര അറയുടെ മുന്നിലാണ് അഷ്ടമി ആരാധന പൂജ നടന്നത്. ഇളനീരാട്ടത്തിനുള്ള ഇളനീർ സ്ഥാനീക തണ്ടായാന്മാരുടെ നേതൃത്വത്തിൽ ശനിയാഴ്ച അക്കരെ സന്നിധിയിൽ എത്തിച്ചിരുന്നു. പതിവിലും കൂടുതൽ ഇളനീർ കാവുകൾ ഇത്തവണ പെരുമാളിന്‌ സമർപ്പിച്ചു. ഞായറാഴ്ച രാവിലെ ഉഷപൂജക്ക് ശേഷം കൈക്കോളന്മാർ ഇളനീരുകൾ ചെത്തി അഭിഷേകത്തിനായി ഒരുക്കി മണിത്തറയിൽ എത്തിച്ചു. രാത്രിയിൽ ഇളനീരാട്ടം നടക്കുന്നതിന് തൊട്ടു മുന്നേ മുത്തപ്പൻ വരവ് എന്ന ചടങ്ങ് നടന്നു. പുറംകലയൻ സ്ഥാനികൻ മുഖത്തെഴുത്ത് നടത്തി ശരീരം മുഴുവൻ ചായം പൂശി കൊട്ടേരിക്കാവിൽ നിന്നും കുറിച്യ പടയാളികളുമായി എത്തി തിരുവഞ്ചിറയിൽ പ്രവേശിച്ച് മണിത്തറക്കടുത്തെ മുഖമണ്ഡപത്തിലെത്തി മണത്തണ ചപ്പാരം വാളുകളെ വണങ്ങി അരിയും കളഭവും പ്രസാദവുമായി മടങ്ങുന്ന ചടങ്ങാണിത്. ഇതേ സമയത്തു തന്നെ കുറിച്യപ്പടയാളികൾ കൂലോം കയ്യാല ആക്രമിക്കുകയും ചെയ്യും.

പ്രതീകാത്മകമായി നടക്കുന്ന ആക്രമണം ദക്ഷയാഗ കഥയിലെ ചില രംഗങ്ങളുടെ പുനരാവർത്തനമെന്ന രീതിയിലാണ് നടക്കുന്നത്. മുത്തപ്പൻ വരവിന് ശേഷമാണ് ഇളനീരാട്ടം നടന്നത്. വാര്യത്ത് കൈക്കോളൻ ചെത്തി ഒരുക്കിയ ഇളനീരുകൾ ഉഷക്കാമ്പ്രം നമ്പൂതിരിയാണ് സ്വയംഭൂവിൽ അഭിഷേകം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44388/the-main-function-of-the-vaishakha-festival-ilanirattam-was-held-at-kottiyoor)