---
title: "വിസ്മയ കേസില്‍ വിധി ഇന്ന് ; പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ കുടുംബം"
english_title: "Judgment in vismaya case today; Vismaya's family hopes that the accused will receive an exemplary sentence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44391/judgment-in-vismaya-case-today-vismayas-family-hopes-that-the-accused-will-receive-an-exemplary-sentence"
published_at: "2022-05-23T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ae0d62d219_images (23).jpeg"
keywords: []
---

# വിസ്മയ കേസില്‍ വിധി ഇന്ന് ; പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ കുടുംബം

> **Lead Summary:** **കൊല്ലം**: വിസ്മയ കേസില്‍ വിധി ഇന്ന്. സുപ്രധാന കേസില്‍ വിധി പറയുന്നത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

## Article Content

**കൊല്ലം**: വിസ്മയ കേസില്‍ വിധി ഇന്ന്. സുപ്രധാന കേസില്‍ വിധി പറയുന്നത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേസില്‍ പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ കുടുംബം പ്രതികരിച്ചു . അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിതാണ് വിധി പ്രസ്താവിക്കുക.

സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമാണ്.

2021 ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസതാംനടയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസില്‍ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമന്‍ നായര്‍, സഹോദരന്‍ വിജിത്ത് എന്നിവരാണ് കേസിലെ മുഖ്യ സാക്ഷികള്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജാണ് ഹാജരായത്. മകള്‍ക്ക് നീതി ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍ പ്രതികരിച്ചു.

സ്ത്രീധനത്തിനെതിരെ വലിയ ക്യാമ്ബെയിനുകള്‍ക്ക് തുടക്കം കുറിച്ച കേസായതിനാല്‍ പൊതുസമൂഹവും വിസ്മയ കേസ് വിധിയെ ഉറ്റുനോക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44391/judgment-in-vismaya-case-today-vismayas-family-hopes-that-the-accused-will-receive-an-exemplary-sentence)