---
title: "റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും"
english_title: "Traffic control will continue for another week as part of the rail doubling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44395/traffic-control-will-continue-for-another-week-as-part-of-the-rail-doubling"
published_at: "2022-05-23T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628aec4bd2d78_images (25).jpeg"
keywords: []
---

# റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും

> **Lead Summary:** **കോട്ടയം**: കോട്ടയം ഏറ്റുമാനൂര്‍ - ചിങ്ങവനം റൂട്ടിലെ റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും.

## Article Content

**കോട്ടയം**: കോട്ടയം ഏറ്റുമാനൂര്‍ - ചിങ്ങവനം റൂട്ടിലെ റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും.

പരശുറാം എക്‌സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതം തുടരുകയാണ്. 28ന് നടക്കുന്ന സ്പീഡ് ട്രയല്‍ റണ്ണിന് ശേഷം സര്‍വീസുകള്‍ സാധാരണ നിലയിലാവുമെന്ന് റെയില്‍വെ അറിയിച്ചു.

ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചതിന് പിന്നാലെ അതിവേഗത്തിലാണ് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നത്. ഏറ്റുമാനൂരിലെയും ചിങ്ങവനത്തെയും ജോലികള്‍ പൂര്‍ത്തികരിച്ചെങ്കിലും കോട്ടയം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് ബാക്കിയുള്ള ജോലികള്‍ നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ നാളെ മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ 11 പ്രധാന സര്‍വീസുകളാവും മുടങ്ങുക . അതേസമയം കഴിഞ്ഞ ദിവസം മുതല്‍ പരുശുറാം എക്‌സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായില്ല. തലസ്ഥാന നഗരിയിലേക്കടക്കം പോകേണ്ടിയിരുന്ന മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് ഇതു മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ പാത ഇരട്ടിപ്പിക്കല്‍ നടന്ന വിവിധ സ്ഥലങ്ങളില്‍ ഇന്ന് പരിശോധന നടത്തും. 28ന് നടക്കുന്ന സ്പീഡ് ട്രയല്‍ റണ്‍ വിജയിച്ചാല്‍ പിറ്റേദിവസം മുതല്‍ സര്‍വീസുകള്‍ പഴയ നിലയില്‍ പുനസ്ഥാപിക്കും. കോട്ടയം യാര്‍ഡില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ ജൂണ്‍ മൂന്നാമത്തെ ആഴ്ച വരെ തുടരമെങ്കിലും ഇത് സര്‍വീസുകളെ ബാധിക്കില്ലെന്നും റെയില്‍ വേ വൃത്തങ്ങള്‍ വ്യക്തമാക്കി.

കായകുളം-എറണാകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് 2001 ലാണ് റെയില്‍വേ തുടക്കമിട്ടത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്ബ് തന്നെ മറ്റിടങ്ങളിലെ ജോലികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിലുള്ള 17 കിലോ മീറ്റര്‍ ദൂരത്തെ നിര്‍മ്മാണങ്ങളാണ് ഏറ്റവും കൂടുതല്‍ വൈകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44395/traffic-control-will-continue-for-another-week-as-part-of-the-rail-doubling)