---
title: "ആരോഗ്യ മേഖലയില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു"
english_title: "Inadequate staffing in the health sector poses a crisis for epidemic prevention activities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44400/inadequate-staffing-in-the-health-sector-poses-a-crisis-for-epidemic-prevention-activities"
published_at: "2022-05-23T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628af7dc4f03a_images (26).jpeg"
keywords: []
---

# ആരോഗ്യ മേഖലയില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു

> **Lead Summary:**  **തിരുവനന്തപുരം**: ആരോഗ്യ മേഖലയില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു.

## Article Content

 **തിരുവനന്തപുരം**: ആരോഗ്യ മേഖലയില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ (എന്‍.എച്ച്‌.എം) മാത്രം സംസ്ഥാനത്ത് 2,203 ജീവനക്കാരുടെ കുറവുണ്ട്.

ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഭരണവിഭാഗം തുടങ്ങി ഒട്ടേറെ തസ്തികകളിലാണ് ആള്‍ക്ഷാമം. 12,009 ജീവനക്കാരെ എന്‍.എച്ച്‌.എം വഴി നിയമിക്കാവുന്നിടത്ത് ഇപ്പോള്‍ 9,806 ജീവനക്കാരേയുള്ളൂ. ഓരോ ജില്ലയിലും 100 മുതല്‍ 200 വരെ ജീവനക്കാരുടെ കുറവുണ്ട്.

ഒരു വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ ജില്ലകളില്‍നിന്നായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചക്കായി വിളിച്ചിരുന്നെങ്കിലും വിരലിലെണ്ണാവുന്നവരെ മാത്രമേ നിയമനം നടത്തിയുള്ളൂ.

തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പലര്‍ക്കും അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. എന്നാല്‍, നിയമങ്ങളെല്ലാം രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നാണ് പറയപ്പെടുന്നത്.

സംസ്ഥാന ഓഫിസിലും നൂറിലധികം ഒഴിവുണ്ട്. റാങ്കുപട്ടിക പ്രസിദ്ധീകരിച്ച തസ്തികകളില്‍പോലും നിയമനം തുടങ്ങിയിട്ടില്ല. സാധാരണ മഴയെത്തുന്നതിനു മുമ്ബുതന്നെ ഒഴിവുകള്‍ നികത്തി ആരോഗ്യ മേഖലയെ എന്‍.എച്ച്‌.എം ശക്തിപ്പെടുത്താറുണ്ട്. ഇക്കുറി അതുണ്ടായില്ല. കോവിഡുമായി ബന്ധപ്പെട്ടു നിയമിച്ചവരെ സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ നേരത്തേ പിരിച്ചുവിട്ടിരുന്നു.

പുതിയ തസ്തിക സൃഷ്ടിക്കാത്ത ഇടങ്ങളിലും നിലവിലെ ഒഴിവുകളിലുമെല്ലാം കരാര്‍ ജീവനക്കാരെ നിയമിച്ചു ശമ്ബളം നല്‍കുന്നത് എന്‍.എച്ച്‌.എം ആയിരുന്നു. മഴക്കാലത്താണ് ഇത്തരം നിയമനം കൂടുതല്‍. മഴ തുടങ്ങിയതോടെ പകര്‍ച്ചവ്യാധി വ്യാപകമായി.

ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ആരോഗ്യ വകുപ്പിലെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44400/inadequate-staffing-in-the-health-sector-poses-a-crisis-for-epidemic-prevention-activities)