---
title: "ബത്തേരി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും: ആരോഗ്യമന്ത്രി വീണാ ജോർജ്  "
english_title: "Necessary posts will be created in Bathery Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44505/necessary-posts-will-be-created-in-bathery-taluk-hospital"
published_at: "2022-05-23T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b581d51ed5_Screenshot_20220523-151255.png"
keywords: []
---

# ബത്തേരി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും: ആരോഗ്യമന്ത്രി വീണാ ജോർജ്  

> **Lead Summary:** **വയനാട്: **സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ- വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതിയ ബ്ലോക്കിന്റെ സേവനം ഈ വര്‍ഷം തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

## Article Content

**വയനാട്: **സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ- വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതിയ ബ്ലോക്കിന്റെ സേവനം ഈ വര്‍ഷം തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ബത്തേരി താലൂക്ക് ആശുപത്രിയില്‍ ബ്ലോക്ക്‌ പഞ്ചായത്തും ശുചിത്വ മിഷനും ചേര്‍ന്ന് നിര്‍മ്മിച്ച സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്‌ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂണില്‍ അംഗന്‍വാടികളും സ്കൂളുകളും കേന്ദ്രീകരിച്ച്‌ സിക്കിള്‍ സെല്‍ അനീമിയ സ്ക്രീനിംഗ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന്റെ ഏറെ നാളത്തെ ആവശ്യമായ കാത്ത് ലാബും ഉടന്‍ പൂര്‍ത്തീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ വയനാടിന്റെ ആരോഗ്യ മേഖലയ്ക്ക് സവിശേഷമായ പ്രാധാന്യമാണ് നല്‍കുന്നത്.

മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ബത്തേരി താലൂക്ക് ആശുപത്രി ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തും ശുചിത്വ മിഷനും ചേര്‍ന്ന് ഒരു കോടി രൂപ ചിലവിലാണ് എസ് ടി പി പ്ലാന്റ് നിര്‍മിച്ചത്. 1,45,000 ലിറ്റര്‍ വെള്ളം ശുചീകരിക്കാന്‍ ഈ പ്ലാന്റിന് കഴിയും.

താലൂക്ക് ആശുപത്രിയുമായി ബന്ധപെട്ട നിവേദനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അസൈനാര്‍ മന്ത്രിക്ക് കൈമാറി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അസൈനാര്‍, അമ്ബലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്ബിളി സുധി, ബ്ലോക്ക്‌ പഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്സണ്‍ ലതാ ശശി, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍, ക്ഷേമകാര്യ ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡി.പി.എം ഡോ. സമീഹ സൈതലവി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ ശ്രീലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എസ്.സേതുലക്ഷ്മി, സി.പി.എം ജില്ലാ സെക്രട്ടറി പി കെ ഗഗാറിന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്കാശുപത്രിയിലെ പ്രാഥമിക പുനരധിവാസ കേന്ദ്രവും നിര്‍മാണത്തിലിരിക്കുന്ന പുതിയ ബ്ലോക്കും മന്ത്രി സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44505/necessary-posts-will-be-created-in-bathery-taluk-hospital)