---
title: "കാണാതായ വാച്ചർ രാജനായി പോലീസിന്റെ രണ്ട് സംഘങ്ങൾ നടത്തിയ സ്പെഷൽ ഡ്രൈവ് അവസാനിപ്പിച്ചു "
english_title: " missing Watcher Rajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44562/missing-watcher-rajan"
published_at: "2022-05-23T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ba87fc63e0_Screenshot_20220523-205904.png"
keywords: []
---

# കാണാതായ വാച്ചർ രാജനായി പോലീസിന്റെ രണ്ട് സംഘങ്ങൾ നടത്തിയ സ്പെഷൽ ഡ്രൈവ് അവസാനിപ്പിച്ചു 

> **Lead Summary:** **പാലക്കാട്:** സൈരന്ധ്രിയില്‍ കാണാതായ വാച്ചര്‍ രാജനായി പോലിസിന്റെ രണ്ട് സംഘങ്ങള്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവ് അവസാനിപ്പിച്ചു.

## Article Content

**പാലക്കാട്:** സൈരന്ധ്രിയില്‍ കാണാതായ വാച്ചര്‍ രാജനായി പോലിസിന്റെ രണ്ട് സംഘങ്ങള്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവ് അവസാനിപ്പിച്ചു.

രാജന്റെ തിരോധനത്തിലേക്ക് സൂചന നല്‍കുന്ന ഒന്നും പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല. അഗളി എസ്.ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം സൈരന്ധ്രി വനത്തിലും തണ്ടര്‍ബോള്‍ട്ടിന്റെ  ഒരു സംഘം കെ.പി.എസ്റ്റേറ്റ് വഴി മണ്ണാര്‍ക്കാട് തത്തേങ്ങലത്തുമാണ് തിരച്ചില്‍ നടത്തിയത്.

ഇതിനിടെ രാജന്റെ ഭാര്യ പുഷ്പലത ഞായറാഴ്ച്ച അഗളി പോലിസില്‍ ഹാജരായി. രാജനുമായി മൂന്നര വര്‍ഷമായി പിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് അവര്‍ പോലിസിനോട് പറഞ്ഞു. ഭാര്യയുമായി രാജന്‍ തമിഴ്നാട്ടിലേക്ക് കടന്നതായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഭാര്യയെ കേന്ദ്രീകരിച്ച്‌ പോലിസ് അന്വേഷണം നടത്തിയത്.

എന്നാല്‍ രാജനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന് ഫോണ്‍ വിളികള്‍ കേന്ദ്രികരിച്ച്‌ നടത്തിയ അനേഷണത്തില്‍ സൂചനയൊന്നും പോലിസിന് ലഭിച്ചില്ല. അതിനാലാണ് അവരെ നേരിട്ട് വിളിച്ചു വരുത്തിയത്. വനംവകുപ്പ് നടത്തിയ രണ്ടാഴ്ച നീണ്ട തെരച്ചിലും തെളിവൊന്നും കിട്ടാത്തതിനാല്‍ ഉപേക്ഷിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് അടക്കം ഇറക്കി തിരോധാനക്കേസ് തമിഴ്നാട്ടിലടക്കം അന്വേഷിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലവത്തായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44562/missing-watcher-rajan)