---
title: "ഇരുളിന്റെ മറവിൽ മാലിന്യ നിക്ഷേപം:സഹികെട്ട്   പ്രദേശവാസികൾ "
english_title: "Waste deposits in the dark"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44718/waste-deposits-in-the-dark"
published_at: "2022-05-24T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cdb7989c6d_Screenshot_20220524-184518.png"
keywords: []
---

# ഇരുളിന്റെ മറവിൽ മാലിന്യ നിക്ഷേപം:സഹികെട്ട്   പ്രദേശവാസികൾ 

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴയില്‍ മണ്ണഞ്ചേരി ഭാഗത്ത് അനധികൃത മാലിന്യ നിക്ഷേപത്തില്‍ സഹികെട്ട് ജനങ്ങള്‍. മണ്ണഞ്ചേരി - കലവൂര്‍ റോഡില്‍ മണ്ണഞ്ചേരി ജംഗ്ഷന് പടിഞ്ഞാറ് പറത്തറ പാലത്തിന് സമീപമാണ് ഇരുളിന്റെ മറവില്‍ അറവുശാലകളിലെ മാലിന്യങ്ങളും, ഹോട്ടലുകളിലേയും വീടുകളിലെയും ആഹാര അവശിഷ്ടങ്ങളും ചാക്കില്‍ കെട്ടുകളാക്കി വാഹനങ്ങളില്‍ കൊണ്ട് വന്ന് നിക്ഷേപിക്കുന്നത്.

## Article Content

**ആലപ്പുഴ: **ആലപ്പുഴയില്‍ മണ്ണഞ്ചേരി ഭാഗത്ത് അനധികൃത മാലിന്യ നിക്ഷേപത്തില്‍ സഹികെട്ട് ജനങ്ങള്‍. മണ്ണഞ്ചേരി - കലവൂര്‍ റോഡില്‍ മണ്ണഞ്ചേരി ജംഗ്ഷന് പടിഞ്ഞാറ് പറത്തറ പാലത്തിന് സമീപമാണ് ഇരുളിന്റെ മറവില്‍ അറവുശാലകളിലെ മാലിന്യങ്ങളും, ഹോട്ടലുകളിലേയും വീടുകളിലെയും ആഹാര അവശിഷ്ടങ്ങളും ചാക്കില്‍ കെട്ടുകളാക്കി വാഹനങ്ങളില്‍ കൊണ്ട് വന്ന് നിക്ഷേപിക്കുന്നത്.

മാലിന്യ നിക്ഷേപകരെ കയ്യോടെ പിടികൂടാന്‍ പ്രദേശവാസികള്‍ കാത്തിരിക്കുന്നുണ്ടെങ്കിലും വാഹനത്തില്‍ വേഗത്തില്‍ വന്ന് നിക്ഷേപിച്ച്‌ പോകുന്നതിനാല്‍ പിടിക്കാനായിട്ടില്ല. രാത്രിയില്‍ ആയതിനാല്‍ ആളെ തിരിച്ചറിയാനും ആകുന്നില്ല.

അസഹനീയമായ ദുര്‍ഗന്ധവും, തെരുവ് നായ്ക്കളുടെ ശല്യവും അതിരൂക്ഷമാണ്. മഴക്കാലമായതിനാല്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞത് മൂലം ദുര്‍ഗന്ധം അതിരൂക്ഷമാണ്. മണ്ണഞ്ചേരിയുടെ ഭരണസിരാ കേന്ദ്രങ്ങളുടെ മൂക്കിന് താഴെയായിട്ട് പോലും അധികാരികള്‍ക്ക് മാലിന്യ നിക്ഷേപം തടയുവാന്‍ സാധിക്കുന്നില്ല എന്നും പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്.

പൊലീസ് വാഹനം മണിക്കൂറില്‍ ഒരു പ്രാവശ്യമെങ്കിലും ഇത് വഴി കടന്നു പോകുന്നുണ്ട്. എന്നിട്ടും മാലിന്യ നിക്ഷേപം നിര്‍ബാധം തുടരുകയാണ്. അധികൃതര്‍ എത്രയും വേഗം മേല്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44718/waste-deposits-in-the-dark)