---
title: "പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യണമെന്ന് കോടതി"
english_title: "PC George's bail canceled; Court orders arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44909/pc-georges-bail-canceled-court-orders-arrest"
published_at: "2022-05-25T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dfad90b3b2_Screenshot_20220525_151013.jpg"
keywords: []
---

# പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യണമെന്ന് കോടതി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി. ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി. ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്.

കേസില്‍ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജ്ജിന് ജാമ്യം ലഭിച്ചിരുന്നു. അതേസമയം വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് കൊച്ചി സിറ്റി പൊലീസിന് മുന്നില്‍ അല്‍പ്പസമയത്തിനകം ഹാജരാകും.

കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോ‍ര്‍ജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടുപിന്നാലെ ജോര്‍ജ് ഒളിവില്‍പ്പോയി. ഇതിനിടെ പിസി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നല്‍കിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി.

ഈ ക്ഷേത്ര അധികൃതര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോര്‍ജ് വിവാദ പരാര്‍മശങ്ങള്‍ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44909/pc-georges-bail-canceled-court-orders-arrest)