---
title: "ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌ത യുവാക്കള്‍ അറസ്റ്റില്‍"
english_title: "Arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44923/arrest"
published_at: "2022-05-25T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e07f9c77de_n38954410216534752745818b3670e04d55b386811df6fbfad0c4b8315e9a7db0c94f44684fdaf004253ff3.jpg"
keywords: []
---

# ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌ത യുവാക്കള്‍ അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട്**: ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌ത യുവാക്കള്‍ അറസ്റ്റില്‍.

## Article Content

**കോഴിക്കോട്**: ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌ത യുവാക്കള്‍ അറസ്റ്റില്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തുള്ള സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഒഴുകരയിലെ ഫ്ലാറ്റാണ് യുവാക്കള്‍ കൊള്ളയടിച്ചത്. ഫ്ലാറ്റിലുണ്ടായിരുന്ന യുവതികളെയും യുവാക്കളെയും സംഘം അക്രമിച്ചു.

ഇവരുടെ പക്കല്‍ നിന്നും 17000 രൂപയും മൊബെെല്‍ ഫോണുകളും ജാക്കറ്റുമൊക്കെ ഇവര്‍ ഭീഷണിപ്പെടുത്തി കരസ്ഥമാക്കുകയായിരുന്നു. കവര്‍ച്ച നടത്തിയ അരുണ്‍ ദാസ് (28 ) ഇസ്‌മായില്‍ (25), അമല്‍ (22 ) എന്നിവരെ മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ സുദര്‍ശന്‍, ഇന്‍സ്പെക്ടര്‍ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് കവര്‍ച്ച നടന്നത്.

ചേവായൂര്‍ സ്വദേശി അബ്ദുല്‍ റഷീദ് ഏറ്റെടുത്തു നടത്തിവരുന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മലപ്പുറം സ്വദേശി അബ്‌ദുല്‍ ജലീലാണ് സെക്സ് കേന്ദ്രം നടത്തിയിരുന്നത്. സെക്സ് റാക്കറ്റിന്റെ പ്രധാനിയായ ഇയാളെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫ്ളാറ്റില്‍ താമസിപ്പിച്ചിരുന്ന അന്യ സംസ്ഥാന പെണ്‍കുട്ടികളെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും കസ്റ്റമര്‍ക്ക് എത്തിച്ച്‌ നല്‍കുകയായിരുന്നു അബ്ദുല്‍ ജലീല്‍ ചെയ്തിരുന്നത്. സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടികളെ കണ്ടുപിടിച്ച്‌ അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.കവര്‍ച്ച നടത്തിയ മുതലുകളും പണവും പ്രതികളില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44923/arrest)