---
title: "ജനഗണമനക്കും വന്ദേമാതരത്തിനും തുല്യ പദവി:  കേന്ദ്രത്തിന് നോട്ടീസ്  അയച്ച്  ഹൈക്കോടതി "
english_title: "Equal status for Janaganamana and Vande Mataram: High Court sends notice to Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44929/equal-status-for-janaganamana-and-vande-mataram-high-court-sends-notice-to-center"
published_at: "2022-05-25T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e0b9230f56_n389550222165347619299381c68182e0011c07ee63ccb4ea76a9721053c8121887779e766dbf4215f5a9f8.jpg"
keywords: []
---

# ജനഗണമനക്കും വന്ദേമാതരത്തിനും തുല്യ പദവി:  കേന്ദ്രത്തിന് നോട്ടീസ്  അയച്ച്  ഹൈക്കോടതി 

> **Lead Summary:** **ന്യൂഡല്‍ഹി: **ദേശീയഗാനമായ ജനഗണമനക്കും ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് ഡല്‍ഹി ഹൈകോടതിയുടെ നോട്ടീസ്.

## Article Content

**ന്യൂഡല്‍ഹി: **ദേശീയഗാനമായ ജനഗണമനക്കും ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് ഡല്‍ഹി ഹൈകോടതിയുടെ നോട്ടീസ്.

മുതിര്‍ന്ന ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാറിനോട് ആറാഴ്ചക്കകം മറുപടി നല്‍കാന്‍ ഹൈകോടതി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തില്‍ വന്ദേമാതരം ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ജനഗണമനക്ക് നല്‍കുന്ന അതേ ആദരം വന്ദേമാതരത്തിന് നല്‍കേണ്ടതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വന്ദേമാതരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേശീയ നയം രൂപീകരിക്കണം. ജനഗണമനയും വന്ദേമാതരവും പ്രവൃത്തി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്. അതേസമയം, വാദം കേള്‍ക്കുന്നതിന് മുമ്ബെ ഹരജിയിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതില്‍ ജസ്റ്റിസുമാരായ വിപിന്‍ സന്‍ഖായ്, സച്ചിന്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. കേസ് പരിഗണിക്കുന്നത് നവംബര്‍ ഒമ്ബതിലേക്ക് മാറ്റി.

1895ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി ബംഗാള്‍ ഭാഷയില്‍ രചിച്ച വന്ദേമാതരം രവീന്ദ്രനാഥ ടാഗോര്‍ ആദ്യമായി ആലപിക്കുന്നത്. 1950 ജനുവരി 24നാണ് വന്ദേമാതരത്തെ ദേശീയ ഗീതമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44929/equal-status-for-janaganamana-and-vande-mataram-high-court-sends-notice-to-center)