---
title: "ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുകയാണ്  ലക്ഷ്യമെന്ന് കപില്‍ സിബല്‍"
english_title: "Kapil Sibal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44953/kapil-sibal"
published_at: "2022-05-25T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e2b968cb59_n3895963241653484220673ea9df3aab11163eebce5fff2f3bb71b46aa5aec43e1abda195caac782b9c5a86.jpg"
keywords: []
---

# ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുകയാണ്  ലക്ഷ്യമെന്ന് കപില്‍ സിബല്‍

> **Lead Summary:** **ന്യൂഡല്‍ഹി**: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കപില്‍ സിബല്‍.കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സിബലിന്റെ പരാമര്‍ശം.

## Article Content

**ന്യൂഡല്‍ഹി**: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കപില്‍ സിബല്‍.കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സിബലിന്റെ പരാമര്‍ശം.

ജനവിരുദ്ധ നയങ്ങളുമായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. ആളുകളെ തമ്മില്‍ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. താന്‍ സമാജ്‍വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. സ്വത​ന്ത്ര്യ സ്ഥാനാര്‍ഥിയായാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

സമാജ്‍വാദി പാര്‍ട്ടി തനിക്ക് പിന്തുണ നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്ന് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സിബല്‍ പറഞ്ഞു. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമെത്തി കപില്‍ സിബല്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു.

കോണ്‍ഗ്രസ് വിമത നേതാക്കളുടെ കൂട്ടായ്മയായ ജി 23യിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു കപില്‍ സിബല്‍. പുനഃസംഘടന അടക്കം വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സിബല്‍ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പാര്‍ട്ടിയില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ട തിരുത്തല്‍ നേതാവായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44953/kapil-sibal)