---
title: "ഉത്ര വധക്കേസ് വിധി ഇന്ന്"
english_title: "Uttra murder case verdict today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4498/uttra-murder-case-verdict-today"
published_at: "2021-10-11T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163a04d4c223_images - 2021-10-11T075321.485.jpeg"
keywords: []
---

# ഉത്ര വധക്കേസ് വിധി ഇന്ന്

> **Lead Summary:** **കൊല്ലം**: ഉത്ര വധക്കേസ് വിധി ഇന്ന്. ഭര്‍ത്താവ് സൂരജ് പ്രതിയായ കേസില്‍ കൊല്ലം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.

## Article Content

**കൊല്ലം**: ഉത്ര വധക്കേസ് വിധി ഇന്ന്. ഭര്‍ത്താവ് സൂരജ് പ്രതിയായ കേസില്‍ കൊല്ലം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.

ഉത്ര ഉറങ്ങിക്കിടക്കുമ്ബോള്‍ സൂരജ് പാമ്ബിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ സൂരജ് മാത്രമാണ് പ്രതി.

അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എം. മനോജ് മുന്‍പാകെയാണ് കേസിന്റെ വിചാരണ നടന്നത്. അഞ്ചല്‍ ഏറം വെള്ളശേരില്‍ ഉത്ര(25)യെ 2020 മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാരോപിച്ച്‌ ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കിയതോടെ ലോക്കല്‍ പൊലീസ് എഴുതിത്തള്ളിയ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറി.

ഏപ്രില്‍ രണ്ടിന് അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു ഉത്ര. മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച്‌ കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. തുടര്‍ച്ചയായി രണ്ട് പ്രാവശ്യം പാമ്ബ് കടിച്ച സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കളാണ് പരാതി നല്‍കിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പ്രതി പാമ്ബിനെക്കൊണ്ടു കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു.

ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു കേസില്‍ അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്ബിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി. 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സൂരജിന് പാമ്ബുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്‌ട് (115) എന്നിവ പ്രകാരമാണു കേസ്.

ഇന്ത്യയില്‍ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍പുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4498/uttra-murder-case-verdict-today)