---
title: "'കിങ്‌സ് ഈസ് ബാക്ക്' - വിരാട് കൊഹ്ലി , ആഘോഷമാക്കി സോഷ്യൽമീഡിയയും ആരാധകരും"
english_title: "ipl 2021 chennai won"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4504/ipl-2021-chennai-won"
published_at: "2021-10-11T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163a99634337_dhoni.jpg"
keywords: []
---

# 'കിങ്‌സ് ഈസ് ബാക്ക്' - വിരാട് കൊഹ്ലി , ആഘോഷമാക്കി സോഷ്യൽമീഡിയയും ആരാധകരും

> **Lead Summary:** ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിറ്റിഫയര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ടീമിനെ ഫൈനലിലെത്തിച്ച എം എസ് ധോണിയെ പ്രശംസിച്ച്‌ ആര്‍ സി ബി നായകന്‍ വിരാട് കോഹ്ലി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അ‌ക്കൗണ്ടിലൂടെയാണ് ധോണിയുടെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ കോഹ്ലി തന്റെ സന്തോഷമറിയിച്ചത്.

## Article Content

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിറ്റിഫയര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ടീമിനെ ഫൈനലിലെത്തിച്ച എം എസ് ധോണിയെ പ്രശംസിച്ച്‌ ആര്‍ സി ബി നായകന്‍ വിരാട് കോഹ്ലി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അ‌ക്കൗണ്ടിലൂടെയാണ് ധോണിയുടെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ കോഹ്ലി തന്റെ സന്തോഷമറിയിച്ചത്.

സീസണില്‍ മോശം ഫോമിലായിരുന്ന ധോണിയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2011 ലോകകപ്പ് ഫൈനലില്‍ യുവരാജ് സിങിന് മുന്‍പ് ബാറ്റിങിനിറങ്ങിയ ധോണി ഇന്നിതാ 10 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ ജഡേജയ്ക്ക് മുന്‍പ് ബാറ്റിങിനിറങ്ങി ടീമിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ പ്രവേശിച്ചത്. ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗയ്ഗ്വാദ് 50 പന്തില്‍ 70 റണ്‍സും റോബിന്‍ ഉത്തപ്പ 44 പന്തില്‍ 63 റണ്‍സും നേടി മികച്ച പ്രകടനം പുറത്തെടുത്തു. അവസാന രണ്ടോവറില്‍ 24 റണ്‍സ് വേണമെന്നിരിക്കെ 19 ആം ഓവറിലെ ആദ്യ പന്തില്‍ ഋതുരാജ് ഗയ്ഗ്വാദ് പുറത്തായ ശേഷമാണ് ധോണി ക്രീസിലെത്തിയത്. തുടര്‍ന്ന് ഓവറിലെ നാലാം പന്തില്‍ സ്‌ട്രൈക്ക് ലഭിച്ച ധോണി ആദ്യ പന്ത്‌ മിസ്സ് ചെയ്തുവെങ്കിലും അടുത്ത പന്തില്‍ സിക്സ് പറത്തി തന്റെ തിരിച്ചുവരവ് അറിയിക്കുകയായിരുന്നു. അവസാന ഓവറില്‍ 13 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ മൊയിന്‍ അലിയെ നഷ്ടപ്പെട്ട ശേഷം സ്‌ട്രൈക്ക് ലഭിച്ച ധോണി തുടര്‍ച്ചയായ മൂന്ന് ഫോര്‍ നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

> " കിങ്‌ ഈസ് ബാക്ക്, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍, ഒരിക്കല്‍ കൂടെ ഈ രാത്രി അദ്ദേഹമെന്നെ സീറ്റില്‍ നിന്നും ചാടിയെണീപ്പിച്ചു. " ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റില്‍ കോഹ്ലി കുറിച്ചു.

ഐ പി എല്ലിന് ശേഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മെന്റര്‍ കൂടിയാണ് എം എസ് ധോണി. ഇന്ത്യന്‍ ടി20 ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ അവസാന ടൂര്‍ണമെന്റ് കൂടിയാണ് ഈ ടി20 ലോകകപ്പ്.

ഒക്ടോബര്‍ 24 ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഐ പി എല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഒമ്ബതാം ഫൈനലാണിത്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ചെന്നൈ ഈ സീസണില്‍ പ്ലേയോഫ് യോഗ്യത നേടുന്ന ആദ്യ ടീമും ഇപ്പോഴിതാ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4504/ipl-2021-chennai-won)