---
title: "വിദ്യാലയങ്ങൾ ജൂൺ ഒന്നിന് തുറക്കും: പ്രവേശനോത്സവം മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും "
english_title: "Schools will reopen on June 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45061/schools-will-reopen-on-june-1"
published_at: "2022-05-26T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f06eb7b849_n38972677016535402849218485e8d8d8a8ffcdb713cd8f5bf1f49dba714e3655c764eda22a8996f2aa6f01.jpg"
keywords: []
---

# വിദ്യാലയങ്ങൾ ജൂൺ ഒന്നിന് തുറക്കും: പ്രവേശനോത്സവം മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും. തിരുവനന്തപുരം കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശനോത്സവത്തിനൊപ്പം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും. തിരുവനന്തപുരം കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശനോത്സവത്തിനൊപ്പം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

42,90,000 വിദ്യാര്‍ഥികളും 1,8,507 അധ്യാപകരും 24,798 അനധ്യാപകരുമാണു ജൂണ്‍ ഒന്നിനു സ്‌കൂളിലേക്ക് എത്തുന്നത്. 4,857 അധ്യാപകരേയും 490 അനധ്യാപകരേയും 353 അനധ്യാപകരേയും ഈ സര്‍ക്കാരിന്റെ കാലത്തു പി.എസ്.സി. മുഖേന സ്‌കൂളുകളില്‍ നിയമിച്ചു. ഇത് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന എണ്ണമാണ്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂര്‍ത്തിയാക്കും. സമ്ബൂര്‍ണ ശുചീകരണ പ്രവര്‍ത്തനം സ്‌കൂളിലും സമീപ പ്രദേശങ്ങളിലും നടത്തും. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം. കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റു ജലസ്രോതസുകള്‍ എന്നിവ ശുചീകരിക്കും.

വിദ്യാഭ്യാസ ജില്ല, ഉപജില്ലാതലങ്ങളില്‍ ആവശ്യമായ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. പൊതുവിദ്യാലയങ്ങളിലേക്ക് 10.34 ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി എത്തിയതായി മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായി വരുന്നു. മൂന്നു ഭാഗങ്ങളായാണു പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. ഒന്നാം ഭാഗം 288 ടൈറ്റിലുകളും രണ്ടും മൂന്നു ഭാഗങ്ങള്‍ യഥാക്രമം 183, 66 എന്നിങ്ങനെ 537 ടൈറ്റിലുകളിലായാണു പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. ആകെ 4.88 കോടി പാഠപുസ്തകങ്ങളാണ് വരുന്ന അധ്യയന വര്‍ഷത്തേക്ക് ആവശ്യമായിവരുന്നത്. സംസ്ഥാനത്തു പാഠപുസ്തക വിതരണത്തിനായി 14 ജില്ലാ ഹബ്ബുകളും 3312 സൊസൈറ്റികളും 13964 സ്‌കൂളുകളും സജ്ജമാക്കിയിരുന്നു. 5576 സര്‍ക്കാര്‍ സ്്കൂളുകളും 8,188 എയ്ഡഡ് സ്‌കൂളുകളും 1488 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണു സംസ്ഥാനത്തുള്ളത്.

അണ്‍ എയ്ഡഡ് ഒഴികെയുള്ള സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സൗജന്യമായാണു വിതരണം ചെയ്യുന്നത്. 7,719 സ്‌കൂളുകളിലെ 9,58,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം സൗജന്യമായി നല്‍കും. 42.8 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിനാവശ്യമുള്ളത്. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ ഇവ വിദ്യാര്‍ഥികള്‍ക്കു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ അധ്യാപക പരിശീലനം പൂര്‍ത്തിയായി. മുന്‍ വര്‍ഷങ്ങല്‍നിന്നു വ്യത്യസ്ഥമായി ഒരു ജില്ലയില്‍ രണ്ടു ബാച്ച്‌ എന്ന നിലയില്‍ റെസിഡന്‍ഷ്യലായാണ് ഇത്തവണത്തെ അധ്യാപക പരിശീലനം സംഘടിപ്പിച്ചത്. വരും വര്‍ഷങ്ങളില്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് എല്ലാ അധ്യാപകര്‍ക്കും റെസിഡന്‍ഷ്യല്‍ പരിശീലനം നല്‍കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി അധ്യാപകരുടെ പരിശീലനം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45061/schools-will-reopen-on-june-1)