തിരുവനന്തപുരം : നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത സെക്രട്ടേറിയറ്റിലെത്തിയത്. കേസിന്റെ വിചാരണയിലുള്ള ആശങ്ക അറിയിക്കാനാണ് കൂടിക്കാഴ്ച.
പ്രതി ദിലീപും അഭിഭാഷകനും ഇടതു മുന്നണിയിലെ പ്രമുഖ നേതാവിനെ നേരിൽ കണ്ടതായുള്ള വിവരം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നാണ് നടിയുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഡിജിപിയെയും ക്രൈം എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി.
പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സർക്കാരിനും വിചാരണക്കോടതിക്കും എതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. രാഷ്ട്രീയ ഇടപെടലാണ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നിലെന്നും അതിജീവിത ആരോപിച്ചിരുന്നു. ഇന്ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെ, അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെന്നും ഡിജിപി കോടതിയെ അറിയിച്ചിരുന്നു.
സര്‍ക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആരോപണം തെറ്റാണെന്നും ആരോപണം ഉന്നയിച്ച സാഹചര്യം എന്താണെന്ന് അറിയില്ലെന്നും ഡിജിപി കോടതിയില്‍ അറിയിച്ചു. അനവസരത്തിലുള്ള ഹർജി പിൻവലിക്കണമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന് അങ്ങനെ പറയാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണെന്നും പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. കേസിലെ എട്ടാം പ്രതിയായ നടന് ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പിന്നാലെ, മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തി. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്നും കേസില്‍ നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, സര്‍ക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പരാതി ഉന്നയിച്ച സാഹചര്യത്തില്‍ ദുരൂഹതയെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താല്പര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസെന്നും മുന്‍മന്ത്രി എം.എം.മണിയും പ്രതികരിച്ചു.
Pinarayvijayanabout