---
title: "രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആശുപത്രി ഫാർമസിയിൽ നിന്ന്  മരുന്ന് വാങ്ങുന്നത് കുറ്റകരം "
english_title: "It is an offense to buy medicine from a hospital pharmacy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45096/it-is-an-offense-to-buy-medicine-from-a-hospital-pharmacy"
published_at: "2022-05-26T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f1fdb00d7d_images (4).jpeg"
keywords: []
---

# രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആശുപത്രി ഫാർമസിയിൽ നിന്ന്  മരുന്ന് വാങ്ങുന്നത് കുറ്റകരം 

> **Lead Summary:** **തിരുവനന്തപുരം**: ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര- ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് അവകാശപത്രികയില്‍ നടപടി സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍.

## Article Content

**തിരുവനന്തപുരം**: ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര- ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് അവകാശപത്രികയില്‍ നടപടി സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍.

സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പിന് മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ കത്തില്‍ മറുപടി നല്‍കാതെ ഒളിച്ചുകളിക്കുന്നു. രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന കാര്യത്തില്‍ ജനപ്രതിനിധികള്‍ പോലും വേണ്ടത്ര താല്‍പര്യമെടുക്കാതെ സ്വകാര്യ കുത്തകകളുമായി ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. തിരുവനന്തപുരത്തെ അഭിഭാഷകനായ അഡ്വ.ജി ഗോപിദാസാണ് രോഗികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 2019 നവംബറില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിലപാടും മറുപടിയും തേടി പലവട്ടം മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസുകള്‍ അയച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാതെ ഒളിച്ചുകളി തുടരുകയാണ് സര്‍ക്കാര്‍ .

രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നോട്ട് വരേണ്ട സര്‍ക്കാരാണ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുന്നത്. കേരളത്തിലെ മിക്ക ആശുപത്രികളിലും ചികിത്സ തേടി എത്തുന്ന രോഗികളെ നിര്‍ബന്ധിച്ച്‌ ആശുപത്രിയുടെ ഫാര്‍മസിയില്‍ നിന്ന് മരുന്നും, അവരുടെ ലാബുകളില്‍ ടെസ്റ്റും നടത്തിക്കുന്നത് പതിവാണ്. സ്വകാര്യ ആശുപത്രികളുടെ ഈ നിലപാട് രോഗികളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് മിക്കവര്‍ക്കും അറിഞ്ഞുകൂടാ. ആരോഗ്യ രംഗത്തെ ഒരു മാതിരിപ്പെട്ട വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ ) ഇത്തരം നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ മിണ്ടാറില്ല. കാരണം, ഐഎംഎയ്ക്കും രോഗികളുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഒട്ടും താല്‍പര്യമില്ല. 2018 സെപ്റ്റംബറില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗികളുടെ അവകാശങ്ങളടങ്ങിയ ചാര്‍ട്ടര്‍ ഓഫ് പേഷ്യന്‍സ് റൈറ്റ്‌സ് ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അവകാശമായി പ്രഖ്യാപിച്ചു കൊണ്ട് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമങ്ങളോ, ഉപഭോക്തൃ സംഘടനകളോ ആരോഗ്യ പ്രവര്‍ത്തകരോ രോഗികളുടെ ഈ അവകാശത്തെ ക്കുറിച്ച്‌ അധികമൊന്നും മിണ്ടാറില്ല, വേണ്ടത്ര പ്രചരണം നല്‍കാറുമില്ല. ഈ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കും രോഗികള്‍ക്കുമുണ്ടായാല്‍ സ്വകാര്യ ആശുപത്രികളുടെ കച്ചവടത്തെ സാരമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാത്തത്. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും എത്രമേല്‍ ജാഗരൂകരാണ് എന്നതില്‍ ഒരുപാട് സംശയങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ആരോഗ്യവകുപ്പ് മെല്ലെപ്പോക്ക് തുടരുന്നത്. ഇങ്ങനെയൊക്കെ അവകാശങ്ങള്‍ രോഗികള്‍ക്ക് ഉള്ളതായുള്ള പ്രചരണങ്ങളോ ആശയ പ്രചരണങ്ങളോ നടത്തുന്നതില്‍ കുറ്റകരമായ മൗനം സര്‍ക്കാരിന്റെ ഭാഗത്തുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ. മിക്ക ആശുപത്രികളിലെ ഫാര്‍മസികളിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകളും രോഗ പരിശോധനാ ടെസ്റ്റുകളും ലഭിക്കുന്ന സാഹചര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്നു മേടിപ്പിക്കുകയും ടെസ്റ്റുകള്‍ നടത്തിക്കുന്ന അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടായേ മതിയാവു. ഡോക്ടര്‍മാരുടേയും ആശുപത്രികളുടേയും നിയമ വിരുദ്ധമായ ഇത്തരം നടപടികളില്‍ ദേശീയ മെഡിക്കല്‍ കൗന്‍സിലോ, ഐഎംഎയോ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. രോഗിക്ക് മരുന്ന് ഇഷ്ടമുള്ള വിപണന കേന്ദ്രത്തില്‍ നിന്ന് വാങ്ങാനും .

ഇഷ്ട മുള്ള ലാബില്‍ പോയി ടെസ്റ്റ് നടത്താനും അവകാശമുണ്ടെന്ന് വളരെ അസന്നിഗ്ദ്ധമായി അവകാശപത്രികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പ്രധാനപ്പെട്ട പേഷ്യന്‍സ് റൈറ്റ്‌സില്‍ പതിനൊന്നാമത്തെ അവകാശമായി പറയുന്നതിങ്ങനെയാണ്. രോഗിക്കോ അവരുടെ ഒപ്പമുള്ള വ്യക്തിക്കോ, ഏത് രജിസ്റ്റേര്‍ഡ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാനും, അംഗീകൃത ലാബില്‍ നിന്ന് പരിശോധനകള്‍ നടത്താനും അവകാശമുണ്ട്. ഇങ്ങിനെ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശമുള്ളപ്പോഴാണ്. ഡോക്ടര്‍മ്മാര്‍ കമ്മീഷന്‍ തട്ടാന്‍ അവര്‍ക്ക് താല്പര്യമുള്ള ഫാര്‍മസികളിലേക്കും ലാബിലേക്കും സ്‌കാന്‍ സെന്ററുകളിലേക്കും രോഗികളെ പറഞ്ഞു വിടുന്നത്.

എന്തിനാണ് സ്വകാര്യ ആശുപത്രികള്‍ അവിടെ വരുന്ന രോഗികളെ നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്ന് വാങ്ങാനും ടെസ്റ്റ് നടത്താനും പ്രേരിപ്പിക്കുന്നതെന്ന കാര്യം ആരും അന്വേഷിക്കാറില്ല, ഇതേക്കുറിച്ച്‌ അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പോ സന്നദ്ധസംഘടനകളോ മുന്‍കൈയെടുക്കാറുമില്ല. രോഗികളുടെ അവകാശങ്ങളെക്കുറിച്ച്‌ കരട് നിര്‍ദ്ദേശങ്ങള്‍ വന്നിട്ട് നാല് വര്‍ഷമായിട്ടും സംസ്ഥാന ആരോഗ്യവകുപ്പ് അനങ്ങാപ്പാറ നയം തുടരുകയാണ്.

രോഗിയുടെ ഇഛയ്ക്കും താല്‍പര്യത്തിനും മുകളില്‍ ഡോക്ടറിനും ആശുപത്രിക്കും പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്നാണ് കരട് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞ പക്ഷം രോഗിയോടോ അവരുടെ ബന്ധുക്കളോടൊ എങ്കിലും ആലോചിച്ചിട്ടു വേണ്ടെ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാന്‍ - മരുന്നിന്റെ കൂറിപ്പടിയും പരിശോധനാ കുറിപ്പുമൊക്കെ രോഗിയുടെ കയ്യില്‍ കൊടുക്കുന്നതിനു പകരം ആശുപത്രി ഫാര്‍മസിയിലേക്കും ലാബിലേക്കും നേരെ വിടുന്നത് നിയമ വിരുദ്ധമാണ്.ഇഷ്ടമുള്ള സ്ഥലത്തു പോയി മരുന്ന് വാങ്ങാനും .ടെസ്റ്റ് നടത്താനുമുള്ള രോഗിയുടെ അവകാശം നിഷേധിക്കുകയാണ് ആശുപത്രികള്‍. അത് പോലെ ആശുപത്രികള്‍ നല്‍കുന്ന ചികിത്സാ സൗകര്യങ്ങളിലും മറ്റും ഈടാക്കുന്ന നിരക്കുകള്‍ക്ക് ഒരു ഏകീകരണം ഉണ്ടാവാറില്ല. തോന്നും പടിയാണ് ഓരോ ആശുപത്രിയും ഡോക്ടറന്മാരും ചികിത്സ ക്കും ടെസ്റ്റുകള്‍ക്കും. ചാര്‍ജ് ഈടാക്കുന്നത്. 90% ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്. നിരക്കുകള്‍ ഒരാശുപത്രിയിലും എഴുതി പ്രദര്‍ശിപ്പിക്കാറില്ല.

ശസ്ത്രക്രിയകളുടേയും ടെസ്റ്റുകളുടേയും രോഗികള്‍ക്ക് നല്‍ക്കുന്ന പ്രത്യേക ചികിത്സകളുടേയും നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് അവകാശ പത്രികയില്‍ പറയുന്നത്. അതും തഥൈവ. ചികിത്സാ രേഖകളും പരിശോധന റിപ്പോര്‍ട്ടുകളും രോഗികളുടെ അവകാശമാണ്. ശസ്ത്രക്രിയകളും, ആന്തരിക പരിശോധനകളും നടത്തുന്നതിന് മുന്‍പ് രോഗിയില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ മുന്‍കൂര്‍ അനുമതി തേടണം. ചികിത്സയെക്കുറിച്ചും, രോഗത്തെക്കുറിച്ചും രോഗിയുടെ അന്തസ്സിന് കോട്ടംവരാത്ത സ്വകാര്യത സൂക്ഷിക്കണം. രോഗത്തിന്റെയോ, ശാരീരിക അവസ്ഥയുടെ പേരിലോ വിവേചനം പാടില്ല.

മറ്റൊരു ഡോക്ടറില്‍ നിന്നും ഉപദേശമോ, നിര്‍ദ്ദേശമോ സ്വീകരിക്കാനുള്ള അവകാശം ഇങ്ങനെ രോഗികളുടെ പ്രധാനപ്പെട്ട അവകാശങ്ങള്‍ പരിപാലിക്കുന്നതില്‍ സര്‍ക്കാരും നിയമസംവിധാനങ്ങളും സമ്ബൂര്‍ണമായും പരാജയപ്പെട്ട് നില്‍ക്കുകയാണ്. ഈ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. രോഗികളുടെ അവകാശങ്ങളെ കുറിച്ച്‌ സമഗ്രമായ അറിവു പകരാന്‍ ആരോഗ്യ രംഗത്തെ വിദഗ്ധരും അവരുടെ സംഘടനകളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉപഭോക്തൃ സംഘടനകളും മുന്നോട്ട് വരണമെന്നതാണ് വസ്തുത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45096/it-is-an-offense-to-buy-medicine-from-a-hospital-pharmacy)