---
title: "പി സി ജോർജ്ജിന്റെ  ജാമ്യാപേക്ഷക്ക് പ്രത്യേക പരിഗണനയിലില്ലെന്ന് ഹൈക്കോടതി "
english_title: " PC George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45101/pc-george"
published_at: "2022-05-26T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f2176acda7_n389763008165354733521861c5c71e41fa5d91f3ebbd79a085e320329166229f8dd336713092c3539b7e5f.jpg"
keywords: []
---

# പി സി ജോർജ്ജിന്റെ  ജാമ്യാപേക്ഷക്ക് പ്രത്യേക പരിഗണനയിലില്ലെന്ന് ഹൈക്കോടതി 

> **Lead Summary:** **കൊച്ചി:** മതവിദ്വേഷ പ്രസംഗ കേസില്‍ റിമാന്‍ഡിലായ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്‍റെ ജാമ്യാപേക്ഷക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഹൈകോടതി.

## Article Content

**കൊച്ചി:** മതവിദ്വേഷ പ്രസംഗ കേസില്‍ റിമാന്‍ഡിലായ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്‍റെ ജാമ്യാപേക്ഷക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഹൈകോടതി.

മറ്റ് ഹരജികള്‍ക്ക് ശേഷം ഇന്ന് തന്നെ ജോര്‍ജിന്‍റെ ഹരജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ച രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന ആവശ്യമായി പി.സി ജോര്‍ജിന്‍റെ അഭിഭാഷകന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.

തിരുവനന്തപുരത്തേക്ക് ജോര്‍ജിനെ കൊണ്ടു പോകുന്നതിന് മുമ്ബ് തന്നെ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടാക്കാനാണ് അഭിഭാഷകന്‍ ശ്രമിച്ചത്. ഹൈകോടതി രജിസ്ട്രാര്‍ മുഖേന രാത്രിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. പ്രത്യേക കേസ് ആയി രാത്രി തന്നെ അപേക്ഷ പരിഗണിക്കണമെന്ന ആവശ്യവും അഭിഭാഷകന്‍ ഉന്നയിച്ചു.

എന്നാല്‍, ജസ്റ്റിസ് ടി. ഗോപിനാഥ് ആവശ്യം നിരസിക്കുകയായിരുന്നു. ഇന്ന് രാവിലെ ആദ്യ കേസ് ആയി കോടതി പരിഗണിക്കുമെന്ന ധാരണയിലായിരുന്നു പി.സി ജോര്‍ജും അഭിഭാഷകനും. രാവിലെ കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഈ ആവശ്യം അഭിഭാഷകന്‍ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പി.സി ജോര്‍ജിന്‍റേത് സാധാരണ കേസ് ആയി പരിഗണിക്കാമെന്ന് ജഡ്ജി വ്യക്തമാക്കി. മറ്റ് കേസുകള്‍ കേട്ട ശേഷം ജോര്‍ജിന്‍റെ കേസ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. നിലവില്‍ 40 കേസുകളാണ് ഹൈകോടതി പരിഗണിക്കുന്നത്. പി.സി ജോര്‍ജിന്‍റെ ജാമ്യാപേക്ഷ 41മതായി കോടതി പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45101/pc-george)