---
title: "പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനം: വരവേൽപ്പും പ്രതിഷേധവും "
english_title: "PM visits Chennai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45224/pm-visits-chennai"
published_at: "2022-05-26T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f9d19bcc31_n38993307616535789578029439308e13f078773c18e463b2784d070b31c031675047e25e6b75f930b64d0b.jpg"
keywords: []
---

# പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനം: വരവേൽപ്പും പ്രതിഷേധവും 

> **Lead Summary:** **ചെന്നൈ**: പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദര്‍ശനത്തോടനുബന്ധിച്ച്‌​ വരവേല്‍പ്പും പ്രതിഷേധവും. ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇത്​.

## Article Content

**ചെന്നൈ**: പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദര്‍ശനത്തോടനുബന്ധിച്ച്‌​ വരവേല്‍പ്പും പ്രതിഷേധവും. ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇത്​.

വ്യാഴാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയാണ്​ ഹൈദരാബാദില്‍നിന്ന്​ പ്രത്യേക വിമാനത്തില്‍ മോദി ചെന്നൈയിലെത്തിയത്​. പിന്നീട്​ നെഹ്​റു സ്​റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 31,400 കോടിയുടെ 11 വികസന പദ്ധതികള്‍ക്ക്​ തുടക്കമിട്ടു. തമിഴ്​നാട്​ ഗവര്‍ണര്‍ ആര്‍.എന്‍ രവിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സംബന്ധിച്ചു. മോദിയുടെ തമിഴക സന്ദര്‍ശനത്തെ സ്വാഗതം ചെയ്തും എതിര്‍ത്തും 'വണക്കം മോദി', 'മോദി ഗോബാക്​' തുടങ്ങിയ ഹാഷ്​ടാഗുകളും സാമുഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി. മോദിക്കെതിരായി 'മോദി ഗോബാക്​' എന്നെഴുതിയ ഭീമന്‍ കറുത്ത ബലൂണുകള്‍ ആകാശത്തേക്ക്​ പറത്തിവിടാനുള്ള വിവിധ തമിഴ്​ സംഘടനാ പ്രവര്‍ത്തകരുടെ നീക്കം പൊലീസ്​ തടഞ്ഞിരുന്നു.

'വണക്കം മോദി, വാങ്ക മോദി' എന്നെഴുതിയ കൂറ്റന്‍ ഹീലിയം ബലൂണുകള്‍ പറപ്പിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ പരിപാടിക്കും പൊലീസ്​ അനുമതി നിഷേധിച്ചു. ചെന്നൈ അഡയാറില്‍നിന്ന്​ നെഹ്​റു സ്​റ്റേഡിയം വരെ പ്രധാനമന്ത്രി കടന്നുവരുന്ന അഞ്ച്​ കിലോമീറ്റര്‍ ദൂരം വരുന്ന റൂട്ടില്‍ പരമ്ബരാഗത വാദ്യഘോഷങ്ങളും നൃത്ത കലാരൂപങ്ങളുമായാണ്​ ബി.ജെ.പി പ്രവര്‍ത്തകര്‍ വരവേറ്റത്​. ചില സ്ഥലത്ത്​ കാര്‍ നിര്‍ത്തി മോദി കൈവീശി പ്രവര്‍ത്തകര്‍ക്ക്​ അഭിവാദ്യമര്‍പ്പിച്ചു.

കേന്ദ്രമന്ത്രി എല്‍. മുരുകന്‍റെ സ്വാഗത പ്രസംഗത്തിനിടെ സ്റ്റാലിന്‍റെ പേര്​ പറഞ്ഞപ്പോള്‍ ഉണ്ടായ നീണ്ടകരഘോഷം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നെഹ്​റു സ്​റ്റേഡിയത്തിന്​ സമീപം ഡി.എം.കെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സ്റ്റാലിനും ബി.ജെ.പി പ്രവര്‍ത്തകര്‍ മോദിക്കും അനുകൂലമായി മുദ്രാവാക്യംവിളിച്ചത്​ സംഘര്‍ഷത്തിനിടയാക്കി. പിന്നീട്​ ഇരുകൂട്ടരെയും പൊലീസ്​ ഇടപ്പെട്ട്​ ശാന്തരാക്കി. മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിടുതലൈ ശിറുതൈകള്‍ കക്ഷി, സി.പി.എം, സി.പി.ഐ എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ്​ 25 മുതല്‍ 31 വരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. 20,000ത്തോളം പൊലീസുകാരെയാണ്​ പ്രധാനമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45224/pm-visits-chennai)