---
title: "കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ബട്ടിനെ  വധിച്ച ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി പോലീസ്"
english_title: "Kashmir TV, Tik Tok star Amreen Butt's terrorist killed in clashes with police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45266/kashmir-tv-tik-tok-star-amreen-butts-terrorist-killed-in-clashes-with-police"
published_at: "2022-05-27T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62903c8f5bca9_images (33).jpeg"
keywords: []
---

# കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ബട്ടിനെ  വധിച്ച ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി പോലീസ്

> **Lead Summary:** **ശ്രീനഗർ** : കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ബട്ടിനെ വധിച്ച ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നു ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണു ലഷ്കറെ തയിബ ഭീകരരുടെ വെടിയേറ്റ് അമ്രീൻ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ 10 വയസ്സുകാരനു പരുക്കേറ്റിരുന്നു.

## Article Content

**ശ്രീനഗർ** : കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ബട്ടിനെ വധിച്ച ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നു ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണു ലഷ്കറെ തയിബ ഭീകരരുടെ വെടിയേറ്റ് അമ്രീൻ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ 10 വയസ്സുകാരനു പരുക്കേറ്റിരുന്നു.

അമ്രീൻ ബട്ടിന്റെ ഘാതകരായ രണ്ടു ലഷ്കറെ തയിബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് ഐജി വിജയ് കുമാർ പറഞ്ഞു. പുൽവാമ ജില്ലയിലെ അവന്തിപ്പോറയിൽ ഏറ്റുമുട്ടൽ നടന്നതായി പൊലീസ് വക്താവ് നേരത്തേ അറിയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. ബദ്ഗാം ജില്ലയിലെ ഹിഷ്രൂവിലുള്ള അമ്രീന്റെ വീട്ടിൽ ചിത്രീകരണത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് ബുധനാഴ്ച രാത്രിയെത്തിയ രണ്ടംഗസംഘമാണു നടിയെ വെടിവച്ചു കൊന്നത്.

ഒപ്പമുണ്ടായിരുന്ന അനന്തരവൻ ഫർഹാൻ സുബായിയുടെ കയ്യിൽ വെടിയേറ്റു. രാത്രി 8 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ അമ്രീൻ മരിച്ചു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല തുടങ്ങിയവർ അനുശോചിച്ചു.

ഇതിനിടെ, കുപ്‌വാര ജില്ലയിലെ ജുംനാഗഡ് മേഖലയിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം രഹസ്യവിവരം ലഭിച്ചതനുസരിച്ചു സുരക്ഷാസേന തകർത്തു. ഭീകരരിൽനിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രിൽ 22ന് പുൽവാമയിൽ സൻജ്വാനിൽ സിഐഎസ്എഫ് സൈനികർ സഞ്ചരിച്ച ബസിൽ ചാവേർ ആക്രമണം നടത്തിയ സംഭവത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലഷ്കറെ പ്രവർത്തകൻ ആബിദ് അഹമ്മദിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45266/kashmir-tv-tik-tok-star-amreen-butts-terrorist-killed-in-clashes-with-police)