---
title: "പന്ത്രണ്ട്  വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണം: ആരോഗ്യമന്ത്രി  "
english_title: "Health minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45420/health-minister"
published_at: "2022-05-27T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290ba3529881_n3901556401653651966703d033e827c4979612ce7278d536990b0ddc1ee1147e251514533654a4c5b28635.jpg"
keywords: []
---

# പന്ത്രണ്ട്  വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണം: ആരോഗ്യമന്ത്രി  

> **Lead Summary:** **തിരുവനന്തപുരം:*** *പന്ത്രണ്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 45,881 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

## Article Content

**തിരുവനന്തപുരം:*** *പന്ത്രണ്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 45,881 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

15 മുതല്‍ 17 വരെ പ്രായമുള്ള 11,554 കുട്ടികളും പന്ത്രണ്ട് മുതല്‍ 14 വരെ പ്രായമുള്ള 34,327 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 5,054 കുട്ടികള്‍ ആദ്യ ഡോസും 6,500 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള 27,486 കുട്ടികള്‍ ആദ്യ ഡോസും 6,841 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷന്‍ യജ്ഞം മേയ് 28 വരെ തുടരുന്നതാണ്.

കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലയയ്ക്കാന്‍ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് ആകെ 1263 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 699 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 301 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്കായി 263 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്.

15 മുതല്‍ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 53 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 44 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 12 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45420/health-minister)