---
title: "അപകീർത്തി വീഡിയോ പ്രചരിപ്പിച്ച രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ "
english_title: "Two Congress leaders arrested for spreading defamation video"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45473/two-congress-leaders-arrested-for-spreading-defamation-video"
published_at: "2022-05-27T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629104f21fbcf_n39024299616536711021710225bc23ca5d894219371f39e8d6f9a2c16b77ecb41d7a07e27f104018323ad5.jpg"
keywords: []
---

# അപകീർത്തി വീഡിയോ പ്രചരിപ്പിച്ച രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ 

> **Lead Summary:** **കാക്കനാട്: **തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ അപകീര്‍ത്തികരമായ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

## Article Content

**കാക്കനാട്: **തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ അപകീര്‍ത്തികരമായ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

പാലക്കാട് പട്ടാമ്ബി ആമയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി.കെ. അബ്ദുല്‍ ഷുക്കൂര്‍ (49), വെമ്ബല്ലൂര്‍ സ്വദേശി ശിവദാസന്‍ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആമയൂര്‍, തേന്‍കുറിശ്ശി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളാണ് ഇരുവരും. കെ.ടി.ഡി.സി ജീവനക്കാരനാണ് ശിവദാസന്‍. പാലക്കാട് പൊലീസിന്‍റെ സഹായത്തോടെ തൃക്കാക്കര പൊലീസാണ് ഇവരെ പിടികൂടിയത്. സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിക്കുകയും അതിന് കമന്‍റ് ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിനാണ് ഇവരെ പിടികൂടിയത്. ഷുക്കൂറിനെ വ്യാഴാഴ്ച അര്‍ധരാത്രി തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കാക്കനാട് കോടതിയില്‍ ഹാജരാക്കിയ ഷുക്കൂറിന് ഈ മാസം 30ന് വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചു. ശിവദാസനെയും ജാമ്യത്തില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് വിവിധയിടങ്ങളില്‍ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത്.

മൂന്നുപേര്‍ കൂടി കസ്റ്റഡിയിലുള്ളതായാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. രണ്ടുദിവസം മുമ്ബാണ് ഡോ. ജോ ജോസഫിന്‍റെ പേരില്‍ വ്യാജദൃശ്യം പ്രചരിച്ചത്. തുടര്‍ന്ന് സി.പി.എം നേതാക്കള്‍ പൊലീസിനെ സമീപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45473/two-congress-leaders-arrested-for-spreading-defamation-video)