---
title: "വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി"
english_title: "Vijay babu blackmailed mother"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45547/vijay-babu-blackmailed-mother"
published_at: "2022-05-28T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291c35d8416f_Screenshot_20220528_120613.jpg"
keywords: []
---

# വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി

> **Lead Summary:**  കൊച്ചി : ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുംമുൻപ് നടനും നിർമാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു.

## Article Content

 കൊച്ചി : ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുംമുൻപ് നടനും നിർമാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു.

വിദേശത്താണെന്നത് മറച്ചുവെച്ചാണ് മുൻകൂർജാമ്യഹർജി ഫയൽ ചെയ്തതെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നും വാദിച്ചു. എന്നാൽ, അധികരേഖകളുടെ അടിസ്ഥാനത്തിൽ നൽകിയ ഉപഹർജിയിൽ ദുബായിലാണെന്ന വിവരം ഉണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കുമെന്നുമായിരുന്നു വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം.

സിനിമാ ഷൂട്ടിങ്ങിനായിട്ട് ഏപ്രിൽ 22-ന് ഗോവയ്ക്ക് പോയെന്നും 24-ന് അവിടെ നിന്ന് ഗോൾഡൻ വിസയുടെ ആവശ്യത്തിനായി ദുബായിലേക്ക് പോയെന്നുമാണ് വിജയ് ബാബു പറയുന്നത്. അപ്പോഴൊന്നും കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയില്ലായിരുന്നുവെന്നും നിയമനടപടികളിൽ നിന്ന് ഒളിച്ചോടുകയായിരുന്നില്ലെന്നും വാദിച്ചു. എന്നാൽ ഇത് തെറ്റാണെന്നും കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞാണ് ദുബായിലേക്ക് കടന്നതെന്നും സർക്കാർ വാദിച്ചു. കേസ് രജിസ്റ്റർ ചെയ്ത വിവരം മാധ്യമങ്ങളിലൂടെ തന്നെ അറിയാൻ കഴിയുമായിരുന്നു.

ഏപ്രിൽ 19-നാണ് നടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മുൻകൂർജാമ്യ ഹർജിയിൽ കൊല്ലത്തെ മേൽവിലാസമാണ് നൽകിയതെന്നും വിദേശത്താണെന്നോ എന്നു മടങ്ങിവരുമെന്നോ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ദുബായിലാണെന്ന് പറഞ്ഞ് ഉപഹർജി ഫയൽ ചെയ്തത് പിന്നീടാണെന്നും അതിനാൽ മുൻകൂർജാമ്യ ഹർജി നിലനിൽക്കില്ലെന്നും വാദിച്ചു.

എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നും പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ വാദം പറയാനും കോടതി നിർദേശം നൽകി. നടിയുടെ ആരോപണം തെറ്റാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബുവിന്റെ അഭിഭാഷകൻ വാദിച്ചു. ബലാത്സംഗം ചെയ്തുവെന്നു പറയുന്ന ദിവസത്തിനു ശേഷവും വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് നടി എത്തിയിരുന്നു എന്നും ചൂണ്ടിക്കാട്ടി.

വിജയ് ബാബുവിന്റെ ജാമ്യ ഹർജിയെ എതിർത്ത് നടിയും കക്ഷി ചേർന്നിട്ടുണ്ട്. ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും. തിങ്കാളാഴ്ച മടങ്ങിയെത്തുമെന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45547/vijay-babu-blackmailed-mother)