---
title: "കുട്ടിയെ വിമാനത്തിൽ കയറ്റിയില്ല:  ഇൻഡിഗോയ്ക്ക് 5 ലക്ഷം പിഴ "
english_title: "Indigo fined Rs 5 lakh for not boarding child"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45616/indigo-fined-rs-5-lakh-for-not-boarding-child"
published_at: "2022-05-28T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291f28c48f9f_n3904052861653731804613b354a79cb99662be13f7887343c13a1548031dd8b9250bb9ee46ec35b06a04cd.jpg"
keywords: []
---

# കുട്ടിയെ വിമാനത്തിൽ കയറ്റിയില്ല:  ഇൻഡിഗോയ്ക്ക് 5 ലക്ഷം പിഴ 

> **Lead Summary:** **ന്യൂഡല്‍ഹി: **ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചു.

## Article Content

**ന്യൂഡല്‍ഹി: **ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചു.

വേണ്ടത്ര ശ്രദ്ധയോടെയല്ല കുട്ടിയെ ഗ്രൗണ്ട് സ്റ്റാഫ് കൈകാര്യം ചെയ്തതെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. മെയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലാണ് ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നതില്‍നിന്നു കുട്ടിയെ തടഞ്ഞത്. കുട്ടിയെ കയറ്റാതിരുന്നതിനെത്തുടര്‍ന്ന ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ യാത്ര വേണ്ടെന്നുവച്ചിരുന്നു. സംഭവം വിവാദമായതോടെ ഡിജിസിഎ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. കുട്ടി പരിഭ്രാന്തനായിരുന്നു എന്നു പറഞ്ഞാണ് വിമാനത്തില്‍ കയറ്റാന്‍ ജീവനക്കാര്‍ വിസമ്മതിച്ചത്. വിഷയത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയതായി ഇന്‍ഡിഗോ സിഇഒ പറഞ്ഞു. 'ചെക്ക് ഇന്‍ ടൈമിലും ബോര്‍ഡിങ് നടപടികളിലും കുടുംബത്തെ കൊണ്ടുപോകാന്‍ തന്നെയായിരുന്നു ഉദ്ദേശം. എന്നാല്‍ കുട്ടി പരിഭ്രാന്തനായിരുന്നു.' സിഇഒ പ്രസ്താവനയില്‍ പറഞ്ഞു. 'ഉപഭോക്താക്കള്‍ക്ക് മര്യാദയോടെയും അനുകമ്ബയോടെയും സേവനം നല്‍കുന്നത് ഞങ്ങള്‍ക്ക് പരമപ്രധാനമാണ്. കുട്ടി വിമാനത്തിലും ബഹളം തുടരുമോ എന്ന ആശങ്കയില്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമെടുക്കാന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ നിര്‍ബന്ധിതരായി.

പ്രസ്താവനയില്‍ പറയുന്നു. 'ശാരീരിക വൈകല്യമുള്ളവരുടെ പരിചരണത്തിനായി ജീവിതം സമര്‍പ്പിക്കുന്ന മാതാപിതാക്കളാണ് നമ്മുടെ സമൂഹത്തിന്റെ യഥാര്‍ത്ഥ നായകരെന്ന് തിരിച്ചറിയുന്നു. കുടുംബത്തോട് ആത്മര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു' പ്രസ്താവനയില്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45616/indigo-fined-rs-5-lakh-for-not-boarding-child)