---
title: "കൂരാരി പുഴയിലെ മണ്ണ്, മണൽഖനനം: റോഡ് തകർന്ന് ചെളിയായി വീട്ടുകാർ പൊരിവെയിലിൽ റോഡ് ഉപരോധിച്ചു"
english_title: "Koorari river mud and sand minning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45622/koorari-river-mud-and-sand-minning"
published_at: "2022-05-28T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291fb7b9e6b1_Screenshot_20220528_160539.jpg"
keywords: []
---

# കൂരാരി പുഴയിലെ മണ്ണ്, മണൽഖനനം: റോഡ് തകർന്ന് ചെളിയായി വീട്ടുകാർ പൊരിവെയിലിൽ റോഡ് ഉപരോധിച്ചു

> **Lead Summary:**  ഇരിക്കൂർ: വളപട്ടണം പുഴയിലെ കൂരാരി പുഴക്കടവിൽ നിന്ന് ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ മണൽഖനനവും പുഴ മണ്ണും എടുത്ത് കൊണ്ടു പോകുന്നതിൻ്റെ ഭാഗമായി റോഡ് പൂർണമായും തകർന്ന് ഗതാഗതമല്ലാതായതിൽ പരിസരത്തെ കുടുംബങ്ങൾ റോഡിൽ ഇരുന്ന് ഉപരോധസമരം തുടങ്ങി.

## Article Content

 ഇരിക്കൂർ: വളപട്ടണം പുഴയിലെ കൂരാരി പുഴക്കടവിൽ നിന്ന് ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ മണൽഖനനവും പുഴ മണ്ണും എടുത്ത് കൊണ്ടു പോകുന്നതിൻ്റെ ഭാഗമായി റോഡ് പൂർണമായും തകർന്ന് ഗതാഗതമല്ലാതായതിൽ പരിസരത്തെ കുടുംബങ്ങൾ റോഡിൽ ഇരുന്ന് ഉപരോധസമരം തുടങ്ങി.

തീരം ഹൗസിൽ പി.കെ.മുഹമ്മദ് അമീനിൻ്റെയും സവാദ് മൻസിലിൽ ഇബ്രാഹീമിൻ്റെയും കുടുംബങ്ങളാണ് പൊരിവെയിലിലും റോഡിൽ ഇരുന്ന് ഉപരോധ ധർണ സമരം നടത്തുന്നത്. സ്ത്രീകളും കുട്ടികളും ഉപരോധത്തിൽ പങ്കെടുത്തു.ഉപരോധത്താൽ ഖനനം നിലച്ചിരിക്കയാണ്. കൂടാളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽപ്പെടുന്ന കൂരാരി കെ.എം.എച്ച് പുഴക്കര റോഡാണ് തകർന്നത്. കോൺക്രീറ്റ് ചെയ്ത റോഡ് ലോറികളും ജെ.സി.ബികളും നിരന്തരം ഇറങ്ങിയും കയറിയുമാണ് റോഡ് തകർന്നത്.

ദിവസവും 200 ഓളം ലോഡുകൾ മണലും മണ്ണും ഇവിടെ നിന്ന് കയറ്റിക്കൊണ്ട് പോകുന്നുണ്ട്- മൂന്ന് ജെ.സി.ബിയും ഖനനത്തിനായി ഉപയോഗിക്കുന്നുണ്ട്. കലക്ടറുടെ നിർദേശപ്രകാരമാണ് കടവിൽ നിന്ന് മണലും മണ്ണും കൊണ്ടു പോവുന്നത്. പുഴ വൃത്തിയാക്കുന്നതിൻ്റെ ഭാഗമാണെന്നുമാണ് ഇവ കൊണ്ടു പോവുന്നത് എന്നാണ് അധികൃതർ പറഞ്ഞത്.. ജനുവരി മാസം മുതൽ തുടങ്ങിയതാണ് മണലും മണ്ണും ഖനനമെന്നാണ് നാട്ടുകാർ പറയുന്നത്.

പുഴ കൂടുതൽ ആഴത്തിൽ കുഴിക്കുന്നതിനാൽ കാലവർഷത്തിൽ കരദാഗം വൻതോതിൽ ഇടിഞ്ഞ് വീടുകൾക്ക് ഭീഷണി ഉണ്ടാവുമെന്നും ഫലവൃക്ഷങ്ങൾ കടപുഴകി യും കൃഷിയും നശിക്കുമെന്നും തീരദേശവാസികൾ പരാതിപ്പെടുന്നു. റോഡ് തകർന്നതും ചെളിയായതിലും നാട്ടുകാർ വാർഡ് മെമ്പർ ക്കും പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്തതിനാലാണ് വീട്ടുകാർ റോഡിൽ ഇരുന്ന് ഉപരോധ ധർണ സമരം നടത്തുന്നത്. പരിഹാരം ഉണ്ടാവുന്നത് വരെ ഇവർ റോഡിൽ ഇരുന്ന് സമരം നടത്തുമെന്നുമാണ് ഇവർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45622/koorari-river-mud-and-sand-minning)