---
title: "രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം മന്ദഗതിയിൽ: സ്വീകരിച്ചത് നാല് ശതമാനം ആളുകൾ മാത്രം "
english_title: "Booster dose distribution slows in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45748/booster-dose-distribution-slows-in-the-country"
published_at: "2022-05-29T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292eb1163c05_n3905664981653795508745d8015283d6ae5456c963f041c062d0fac7e249fa73da7bf28f79661d90b0733f.jpg"
keywords: []
---

# രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം മന്ദഗതിയിൽ: സ്വീകരിച്ചത് നാല് ശതമാനം ആളുകൾ മാത്രം 

> **Lead Summary:** **ന്യൂഡല്‍ഹി: **രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം മന്ദഗതിയില്‍ തുടരുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച നാല് ശതമാനം ആളുകള്‍ മാത്രമാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസെടുത്തത്.

## Article Content

**ന്യൂഡല്‍ഹി: **രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം മന്ദഗതിയില്‍ തുടരുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച നാല് ശതമാനം ആളുകള്‍ മാത്രമാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസെടുത്തത്.

അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ പതിനെട്ട് വയസിന് മുകളിലുള്ള വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമേ ഇതുവരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുള്ളു. കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകാന്‍ സാധ്യത മുന്നില്‍ കണ്ടാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചത്. ജനുവരിയില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള മറ്റ് അസുഖമില്ലാത്തവര്‍ക്കും മുന്‍നിര പോരാളികള്‍ക്കും കരുതല്‍ ഡോസ് നല്‍കി തുടങ്ങി. ഏപ്രില്‍ പത്തിനാണ് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ വാക്സിനേഷന്‍ ആരംഭിച്ചത്. എന്നിട്ടും വാക്സിനേഷന്‍ മന്ദഗതിയില്‍ തുടരുകയാണ്. 82,65,49,542 പേര്‍ രാജ്യത്ത് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചപ്പോള്‍ അതിന്റെ 4.15 ശതമാനം ആളുകള്‍ മാത്രമാണ് കരുതല്‍ ഡോസ് സ്വീകരിച്ചത്.

അതായത് 3,43,25,809 പേര്‍. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസ് വാക്സിനേഷന്‍ ആരംഭിച്ച്‌ ഒന്നര മാസം പിന്നിടുമ്ബോഴും പല സംസ്ഥാനങ്ങളിലെയും കണക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. മണിപ്പൂരിലും,മേഘാലയയിലും 12 പേരാണ് ഇന്നലെ വരെ കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചത്.അരുണാചല്‍പ്രദേശിലാകട്ടെ രണ്ട് പേര്‍ മാത്രം. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമന്‍ ദിയു, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ 18 വയസിന് മുകളിലുള്ള ആരും കരുതല്‍ ഡോസ് സ്വീകരിച്ചിട്ടില്ല. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കേരളത്തില്‍ പതിനെട്ട് വയസിന് മുകളിലുള്ള 53,143 പേരാണ് ഇതുവരെ കരുതല്‍ ഡോസെടുത്തത്. 60 വയസിനു മുകളിലുള്ളവും മുന്‍നിര പോരാളികളും ഉള്‍പ്പെടെ 16,80,891 പേരും കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചു. ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര, യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ആളുകള്‍ കരുതല്‍ ഡോസെടുത്തത്.

വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രം നിര്‍ദേശിക്കുമ്ബോഴും കണക്കുകള്‍ ശുഭസൂചനയല്ല നല്‍കുന്നത്. കോവിഡ് തരംഗം കുറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകരും,പൊതുജനങ്ങളും നേരത്തെ സ്വീകരിച്ചിരുന്ന മുന്‍കരുതല്‍ നടപടികളില്‍ നിന്ന് പിന്നോട്ട് പോയിട്ടുണ്ട്. ബൂസ്റ്റര്‍ ‍‍ഡോസ് എടുക്കുന്നവരുടെ എണ്ണം കുറയാന്‍ ഇതൊരു പ്രധാനകാരണമാണ്. വീണ്ടും തരംഗസാധ്യത നിലനില്ക്കുന്നത് കൊണ്ട് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള പ്രചാരണങ്ങള്‍ വീണ്ടും ശക്തമാക്കേണ്ടി വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45748/booster-dose-distribution-slows-in-the-country)