---
title: "പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി "
english_title: "Defendant arrested for stealing several two-wheelers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45764/defendant-arrested-for-stealing-several-two-wheelers"
published_at: "2022-05-29T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292f68111d3d_n3905813401653798479656e1a2388b2e4272ad82b0cc840f441bea28bf439b70b592a638ba76c88f350171.jpg"
keywords: []
---

# പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി 

> **Lead Summary:** **കോഴിക്കോട്:** ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടില്‍ ഹംദാന്‍ അലി എന്ന റെജു ഭായ് പിടിയിലായി.

## Article Content

**കോഴിക്കോട്:** ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടില്‍ ഹംദാന്‍ അലി എന്ന റെജു ഭായ് പിടിയിലായി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെള്ളയില്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചെമ്മങ്ങാട്, കസബ, നഗരം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്. കോഴിക്കോട് ബീച്ച്‌ കേന്ദ്രീകരിച്ച്‌ ഇരുചക്ര വാഹന മോഷണം ഏറി വന്ന സാഹചര്യത്തില്‍ കോഴിക്കോട് ടൗണ്‍ അസി. കമ്മിഷണര്‍ ബിജുരാജിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളയില്‍ പൊലീസും ടൗണ്‍ പൊലീസും പ്രതിയെ പിടികൂടുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു.

പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കവെ കോഴിക്കോട് ബീച്ച്‌ ഹോസ്പിറ്റല്‍ കോമ്ബൗണ്ടില്‍ നിന്ന് ഇരുചക്ര വാഹന മോഷണം പോയ കേസില്‍ പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ മൊബൈല്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച്‌ സൂചന ലഭിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയില്‍ നിന്നും 14 ബൈക്കുകള്‍ മോഷ്ടിച്ചതായി ഹംദാന്‍ അലി പൊലീസിനോട് സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ആമോസ് മാമന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച വാഹനങ്ങള്‍ ബാങ്ക് റിക്കവറി നടത്തിയ വാഹനങ്ങള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പ്രതി കോയമ്ബത്തൂര്‍, വയനാട് എന്നിവിടങ്ങളില്‍ വില്‍പന നടത്തിയതായി പൊലീസ് കണ്ടെത്തി. ദിവസങ്ങളോളം കോയമ്ബത്തൂരില്‍ താമസിച്ച്‌ തികച്ചും സാഹസികമായാണ് മോഷണം പോയ വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തത്. കോയമ്ബത്തൂരിലും വയനാട്ടിലും വില്‍പ്പന നടത്തിയ ഒമ്ബത് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഉള്‍പ്പെടെ 12 വാഹനങ്ങള്‍ പൊലീസ് കണ്ടെത്തി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു വാഹന മോഷണ കേസില്‍ സംശയിക്കുന്ന വ്യക്തിക്ക് മുമ്ബ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞു കേസിലെ പ്രതിയായ ഹംദാന്‍ അലിയുമായി രൂപ സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ പോലീസ് ദിവസങ്ങളോളം ഹംദാന്‍ അലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ഹംദാന്‍ അലി തന്നെയാണ് ബീച്ച്‌ ഹോസ്പിറ്റല്‍ കോമ്ബൗണ്ടില്‍ നിന്നും വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായ ശേഷം ബേപ്പൂര്‍ ഹാര്‍ബര്‍ പരിസരത്ത് വെച്ച്‌ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍, പ്രൊബേഷന്‍ എസ്.ഐ റസ്സല്‍ രാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നവീന്‍ നെല്ലൂളിമീത്തല്‍, സി.പി.ഒ സുജിത്ത്.ഇ.കെ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ് കുമാര്‍.പി, സി.പി.ഒ അനൂജ്.എ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45764/defendant-arrested-for-stealing-several-two-wheelers)