---
title: "തൃക്കാക്കരയില്‍ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ;  നാളെ വിധിയെഴുതും"
english_title: "Inch fighting in Thrikkakara this time; Judgment will be written tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45944/inch-fighting-in-thrikkakara-this-time-judgment-will-be-written-tomorrow"
published_at: "2022-05-30T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629420b04741b_uma-jo-anr-03.jpg.image.470.246.jpg"
keywords: []
---

# തൃക്കാക്കരയില്‍ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ;  നാളെ വിധിയെഴുതും

> **Lead Summary:** **കൊച്ചി: **മണ്ഡല രൂപവത്കരണത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെ നാലാമതും ബൂത്തിലേക്ക് പോകാനൊരുങ്ങുന്ന തൃക്കാക്കരയില്‍ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം.

## Article Content

**കൊച്ചി: **മണ്ഡല രൂപവത്കരണത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെ നാലാമതും ബൂത്തിലേക്ക് പോകാനൊരുങ്ങുന്ന തൃക്കാക്കരയില്‍ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം.

സിറ്റിങ് സീറ്റില്‍ യു.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തിന്‍റെ ഭാഗമായ തൃക്കാക്കര നഗരസഭയും കൊച്ചി കോര്‍പറേഷന്‍റെ ഭാഗമായ ഡിവിഷനുകളില്‍ ഭൂരിഭാഗവും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനൊപ്പം നിന്നവയാണ്.

പരമ്ബരാഗതമായി മണ്ഡലത്തിലെ മുസ്ലിം വോട്ടുകളില്‍ ഭൂരിപക്ഷവും യു.ഡി.എഫിനാണ്. വികസനം ചര്‍ച്ചയാക്കുമെന്ന ഇടത് പ്രഖ്യാപനം യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ട്. മെട്രോയും ഇന്‍ഫോപാര്‍ക്കും ഹൈവേകളുമടക്കം തൃക്കാക്കരയിലും ജില്ലയിലും സംസ്ഥാനത്താകെയും യു.ഡി.എഫ് കാലത്ത് നടപ്പാക്കിയ പദ്ധതികള്‍ അക്കമിട്ട് വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്താന്‍ യു.ഡി.എഫിന് കഴിഞ്ഞു. കെ-റെയില്‍ കടന്നുപോകുന്ന മേഖലയെന്ന നിലയില്‍ തൃക്കാക്കരയിലെ വോട്ടര്‍മാരില്‍ നിലനില്‍ക്കുന്ന കെ-റെയില്‍ വിരുദ്ധ വികാരവും യു.ഡി.എഫിന് അനുകൂലമായേക്കാം. കഴിഞ്ഞ തവണ ട്വന്‍റി20 സ്ഥാനാര്‍ഥി നേടിയ 14,000ഓളം വരുന്ന വോട്ടില്‍ ഭൂരിപക്ഷവും യു.ഡി.എഫിന്‍റെ വോട്ടാണെന്നാണ് വിലയിരുത്തല്‍. ആ വോട്ടില്‍ സിംഹഭാഗവും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. 20,000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

അതേമസയം, അട്ടിമറി വിജയം ഉറപ്പിക്കുകയാണ് എല്‍.ഡി.എഫ്. ഇതുവരെ ഇടതിന് വോട്ട് ചെയ്യാത്തവര്‍ പോലും എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന വിധം സ്വാധീനമുണ്ടാക്കാന്‍ ഭവന സന്ദര്‍ശനങ്ങള്‍ മൂലം സാധിച്ചിട്ടുണ്ട്. മണ്ഡലത്തിന്‍റെ ഭാഗമായ എല്‍.ഡി.എഫ് ഭരിക്കുന്ന കൊച്ചി നഗരസഭയിലെ ഡിവിഷനുകള്‍ ഇടത് സ്വാധീനമുള്ളവയാണ്. കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തന മണ്ഡലങ്ങളാണ് ഇവയിലേറെയും. ഈ ഡിവിഷനുകളില്‍ എല്‍.ഡി.എഫിന് വോട്ട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. തൃക്കാക്കര നഗരസഭയും ഏതെങ്കിലും മുന്നണിയുടെ കുത്തക ഭരണത്തിലുള്ളതല്ല. ഇടത് സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കവലകള്‍ നിറയുന്ന ജനസാന്നിധ്യം തൃക്കാക്കരയില്‍ ഇതിന് മുമ്ബ് അത്ര പതിവില്ലാത്തതാണ്. എല്‍.ഡി.എഫ് സംഘടിപ്പിച്ച കുടുംബ യോഗങ്ങളില്‍ പതിവില്ലാത്ത വിധം ന്യൂനപക്ഷ സമുദായത്തില്‍പെട്ട വലിയ വിഭാഗത്തിന്‍റെ സാന്നിധ്യമുണ്ടായത് ഇടത് ക്യാമ്ബിന് പ്രതീക്ഷ നല്‍കുന്നു. കെ-റെയിലടക്കം വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളെന്ന നിലയില്‍ ഇതിന്‍റെ അംഗീകാരത്തിനായി തൃക്കാക്കരയിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷ ഇടതിനുണ്ട്. കഴിഞ്ഞ തവണ ട്വന്‍റി20ക്ക് ലഭിച്ച ഒരുവിഭാഗം വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീണേക്കുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. 5000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍.

2016ല്‍ ലഭിച്ചതിനേക്കാള്‍ 5000ലേറെ വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറഞ്ഞിതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഇത്തവണ കഴിയുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. തൃക്കാക്കര മണ്ഡലത്തില്‍ തന്നെയുള്ള മുതിര്‍ന്ന നേതാവിനെ സ്ഥാനാര്‍ഥിയാക്കിയത് ശുഭപ്രതീക്ഷയോടെയാണ്. എങ്കിലും അത്ഭുതങ്ങള്‍ നടത്താനുള്ള ശക്തി എന്‍.ഡി.എക്ക് മണ്ഡലത്തിലില്ല.

സ്ഥാനാര്‍ഥിയുടെ മികവ് നോക്കി വോട്ട് ചെയ്യുന്നവരാണ് നിശ്ശബ്ദ വോട്ടര്‍മാരിലേറെയും. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാനോ വോട്ട് ആര്‍ക്കെന്ന് പരസ്യമായി പ്രഖ്യാപിക്കാനോ തയാറല്ലാത്ത ഈ വലിയ വിഭാഗം വോട്ടര്‍മാര്‍ ഇത്തവണ ആരെ തുണക്കുമെന്നതാവും തൃക്കാക്കരയുടെ വിധി നിര്‍ണയിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45944/inch-fighting-in-thrikkakara-this-time-judgment-will-be-written-tomorrow)