---
title: "വിജയ് ബാബു ഇന്ന് നാട്ടിലേക്ക് എത്തില്ല: വിമാന ടിക്കറ്റ് റദ്ദാക്കി എന്ന് സൂചന "
english_title: "Vijay Babu will not return home today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45945/vijay-babu-will-not-return-home-today"
published_at: "2022-05-30T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629421863ee24_n39079528816538750378163b6fa3d2c1430766666b1a29e98368ae1673e71de5d7a832b6722db32401cd34.jpg"
keywords: []
---

# വിജയ് ബാബു ഇന്ന് നാട്ടിലേക്ക് എത്തില്ല: വിമാന ടിക്കറ്റ് റദ്ദാക്കി എന്ന് സൂചന 

> **Lead Summary:** **കൊച്ചി: **യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

## Article Content

**കൊച്ചി: **യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അതിനിടെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരിയും കോടതി മുന്‍പാകെ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. മെയ് 30-ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകള്‍ സമര്‍പ്പിച്ചതോടെയായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറായത്.

നാട്ടിലെത്തിയാല്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരന്‍ നാട്ടിലെത്തിയതിന് ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം താന്‍ നിയമത്തില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരമറിയാതെയാണ് വിദേശത്തേക്ക് പോയതെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

കൂടാതെ ബലാത്സംഗക്കേസില്‍ നാട്ടില്‍ തിരിച്ചെത്തി അന്വേഷണവുമായി സഹകരിക്കുന്നതിന് നടന്‍ വിജയ് ബാബുവിന് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. മെയ് 30-നുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 30-ന് ദുബായില്‍ നിന്ന് തിരിച്ചെത്താമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും വ്യക്തമാക്കി മടക്ക ടിക്കറ്റ് നടന്‍ ഹാജരാക്കിയിരുന്നുവെങ്കിലും ഇന്ന് തിരിച്ചെത്തിയേക്കില്ലെന്നാണ് സൂചന. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റ് നടന്‍ റദ്ദാക്കിയെന്നാണ് പോലീസിന് ലഭിച്ച വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വേണ്ടി മാത്രമാണ് മടക്ക ടിക്കറ്റ് ഹാജരാക്കിയതെന്ന് ആക്ഷേപമുണ്ട്. നേരത്തെ മെയ് 19-ന് പോലീസിന് മുന്നില്‍ ഹാജരാകാമെന്നറിയിച്ച വിജയ് ബാബു ഇത് പാലിക്കാതെ ജോര്‍ജിയയിലേക്ക് കടന്നിരുന്നു.

മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാന്‍ നിയമോപദേശം ലഭിച്ച വിജയ് ബാബു തിരിച്ചെത്തുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. നടന്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45945/vijay-babu-will-not-return-home-today)