---
title: "നികുതിവരുമാനം കുറഞ്ഞതിന് പീഡിപ്പിക്കുന്നു: കടകളടച്ച് പ്രതിഷേധിക്കുമെന്ന് സ്വർണവ്യാപാരികൾ "
english_title: "Goldsmith"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46151/goldsmith"
published_at: "2022-05-30T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294f6fdf1d37_n391042316165392965345099c9e81b314659cec6ecfb278bbf1cc75fc43a918021730936567389ceebacf1.jpg"
keywords: []
---

# നികുതിവരുമാനം കുറഞ്ഞതിന് പീഡിപ്പിക്കുന്നു: കടകളടച്ച് പ്രതിഷേധിക്കുമെന്ന് സ്വർണവ്യാപാരികൾ 

> **Lead Summary:** **കൊച്ചി : **ചരക്ക് സേവന നികുതി വിഭാഗത്തിന്റെ പീഡനത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍.

## Article Content

**കൊച്ചി : **ചരക്ക് സേവന നികുതി വിഭാഗത്തിന്റെ പീഡനത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍.

സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നുള്ള നികുതി വരുമാനം കുറവാണെന്ന കാരണം പറഞ്ഞ് ചരക്ക് സേവന നികുതി വിഭാഗം ഉദ്യോഗസ്ഥര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. രാജ്യത്ത് സര്‍ക്കാരുകള്‍ക്ക് അതിഭീമമായ നികുതി വരുമാന വളര്‍ച്ചയുണ്ടായ മേഖലയാണ് സ്വര്‍ണ വ്യാപാരം. ഈ മേഖലയെ തിരഞ്ഞുപിടിച്ച്‌ ദ്രോഹിക്കാനാണ് ചരക്ക് സേവന നികുതി വിഭാഗത്തിന്റെ നീക്കം.

ഇതിനെ ശക്തമായി നേരിടുമെന്ന് എ കെ ജി എസ് എം എ സംസ്ഥാന സമിതി മുന്നറിയിപ്പ് നല്‍കി. കള്ളക്കടത്ത് സ്വര്‍ണ്ണം പോകുന്ന വഴി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നില്ല. അതുമുഴുവന്‍ കേരളത്തിലെ ചെറുകിട സ്വര്‍ണ വ്യാപാരികളാണ് വില്‍ക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്ന സര്‍ക്കാര്‍ നടപടിയെ സംസ്ഥാന കൗണ്‍സില്‍ അപലപിച്ചു. അഞ്ച് പവന്‍ സ്വര്‍ണ്ണം പോലും റിപ്പയര്‍ ചെയ്യാന്‍ കൊണ്ടു പോകുന്ന കടയുടമയോ, ജീവനക്കാരനെയോ വരെ ജി എസ് ടി ഉദ്യോഗസ്ഥര്‍ ചാടി വീണ് പിടിക്കുന്ന നിലയാണ്.

ഇവരുടെ പക്കലെ സ്വര്‍ണം മുഴുവന്‍ പിടിച്ചെടുത്ത് മുഴുവന്‍ വിലയും പിഴയായി ചുമത്തുന്നത് നിയമ വിരുദ്ധ പ്രവണതയാണെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സ്വര്‍ണ വ്യാപാരികള്‍ കടകളടച്ച്‌ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ ചെയ്യുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍ അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം കൊച്ചി അബാദ് പ്ലാസ ഹോട്ടലില്‍ നടന്നു. പുതിയ സംസ്ഥാന പ്രസിഡന്‍റായി ഡോ ബി ഗോവിന്ദനെയും, ജനറല്‍ സെക്രട്ടറിയായി കെ സുരേന്ദ്രനെയും, ട്രഷററായി അഡ്വ എസ് അബ്ദുല്‍ നാസറിനെയും യോഗം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46151/goldsmith)