---
title: "കുതിരവട്ടത്ത്  നിന്ന്  ഭിത്തി തുരന്ന്‌ ചാടിയ മോഷണകേസ് പ്രതി വാഹനാപകടത്തിൽ മരിച്ചു  "
english_title: "The accused in the theft case died in a car accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46252/the-accused-in-the-theft-case-died-in-a-car-accident"
published_at: "2022-05-31T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295d72e7669d_n3911851281653987013801c15caf8014a53d4f7c651317251915a077a59d54843ab13876ecee44758dde6d.jpg"
keywords: []
---

# കുതിരവട്ടത്ത്  നിന്ന്  ഭിത്തി തുരന്ന്‌ ചാടിയ മോഷണകേസ് പ്രതി വാഹനാപകടത്തിൽ മരിച്ചു  

> **Lead Summary:** **കോഴിക്കോട്**: കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു.

## Article Content

**കോഴിക്കോട്**: കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു.

മോഷണക്കേസിലെ റിമാന്‍ഡ് പ്രതിയായ കല്‍പ്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് (23) കോട്ടക്കലില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30യോടെയാണ് പൊലീസ് കാവലുള്ള സെലില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത്.

കുളിമുറിയിലെ ഭിത്തി സ്പൂണ്‍ ഉള്‍പെടെ ഉപയോഗിച്ച്‌ തുരന്നാണ് യുവാവ് പുറത്തുകടന്നതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. രക്ഷപ്പെട്ട് മലപ്പുറത്തേക്ക് പോകുന്നതിനിടെ കോട്ടയ്ക്കലില്‍ നിന്ന് യുവാവ് സഞ്ചരിച്ച ബൈക് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരിച്ചു. ബുളറ്റ് മോഷ്ടിച്ച്‌ രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമമെന്നും കോട്ടയ്ക്കലില്‍വച്ച്‌ മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ച വാഹനം ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പരുക്കേല്‍ക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ജില്ലാ ജയിലില്‍ പാര്‍പിച്ചിരുന്ന ഇയാള്‍ നിരവധി മോഷണ കേസിലെ പ്രതിയാണെന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46252/the-accused-in-the-theft-case-died-in-a-car-accident)