---
title: "ആയിരങ്ങളെ സാക്ഷിയാക്കി കൊട്ടിയൂരിൽ ഇന്ന് ആലിംഗന  പൂജ"
english_title: "Embracing pooja witnessed by thousands"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46259/embracing-pooja-witnessed-by-thousands"
published_at: "2022-05-31T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295e07cbdac6_Picsart_22-05-31_15-00-44-895.jpg"
keywords: []
---

# ആയിരങ്ങളെ സാക്ഷിയാക്കി കൊട്ടിയൂരിൽ ഇന്ന് ആലിംഗന  പൂജ

> **Lead Summary:** വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങായ ആലിംഗന പൂജ നടന്നു. വൈശാഖമഹോത്സവത്തിലെ അവസാനത്തെ ആരാധനയായ രോഹിണി ആരാധനയോടനുബന്ധിച്ചാണ് ആലിംഗനപൂജ നടന്നത്. കുറുമാത്തൂർ ഇല്ലാതെ ഏറ്റവും മുതിർന്ന അംഗത്തിനാണ് ആലിംഗന പൂജ ചെയ്യാനുള്ള അവകാശം.

## Article Content

വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങായ ആലിംഗന പൂജ നടന്നു. വൈശാഖമഹോത്സവത്തിലെ അവസാനത്തെ ആരാധനയായ രോഹിണി ആരാധനയോടനുബന്ധിച്ചാണ് ആലിംഗനപൂജ നടന്നത്. കുറുമാത്തൂർ ഇല്ലാതെ ഏറ്റവും മുതിർന്ന അംഗത്തിനാണ് ആലിംഗന പൂജ ചെയ്യാനുള്ള അവകാശം.

എൺപത്തിഒൻപത് വയസുള്ള പരമേശ്വരൻ നമ്പൂതിരിയാണ് പെരുമാൾക്ക് ആലിംഗനപൂജ സമർപ്പിച്ചത്. ഒരു മണിയോടെ കുറുമാത്തൂർ പരമേശ്വരൻ നമ്പൂതിരി മണിത്തറയിലെത്തി. ഉഷക്കാമ്പ്രം കുറുമാത്തൂരിനെ കൈപിടിച്ച് മണിത്തറയിൽ കയറ്റി.

പൂജക്കിരുന്ന കുറുമാത്തൂരിന് പൂവൻ സ്ഥാനീകൻ പൂജാ പുഷ്പങ്ങൾ കാൽകുടയിലാക്കി എത്തിച്ചു നൽകിയതോടെ പൂർണ്ണ പുഷ്പപാഞ്ജലി ആരംഭിച്ചു. സ്വായംഭൂ ശില പൂർണ്ണമായും മൂടുന്നതുവരെ പുഷ്പാഞ്ജലി തുടർന്നു.

കുറുമാത്തൂർ പുഷ്പാഞ്ജലി അവസാനിപ്പിച്ച് സ്വയംഭൂ നാളത്തിൽ പാദങ്ങൾ ഇറക്കിവെച്ച് ദിവ്യശിലയെ ആലിംഗനം ചെയ്തതോടെ സന്നിധാനം ഹരിഗോവിന്ദാ വിളികളിൽ മുഖരിതമായി. ആലിംഗന പൂജ പതിവിലും കൂടുതൽ സമയമെടുത്തു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇന്ന് ആലിംഗന പൂജ ദർശിക്കാൻ കൊട്ടിയൂരിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46259/embracing-pooja-witnessed-by-thousands)