---
title: "തൃക്കാക്കരയിൽ 62% കടന്ന് പോളിംഗ്: കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ"
english_title: "62% turnout in Thrikkakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46302/62-turnout-in-thrikkakara"
published_at: "2022-05-31T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62960e9c51da3_n3910982041654001251821f4737185e27e37fa521042aa57cf56d51642d121d36e6af40b931fa1fa5d6608.jpg"
keywords: []
---

# തൃക്കാക്കരയിൽ 62% കടന്ന് പോളിംഗ്: കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ

> **Lead Summary:** **കൊച്ചി: **കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ കനത്ത പോളിങ്.വൈകിട്ടു നാലു വരെ 62.40 ശതമാനമാണു പോളിങ്. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. അതിനിടെ, കള്ളവോട്ടിന് ശ്രമിച്ച ഒരാള്‍ പിടിയിലായി. പൊന്നുരുന്നി ക്രൈസ്റ്റ് കിങ് സ്‌കൂളില്‍ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പിടിയിലായത്.

## Article Content

**കൊച്ചി: **കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ കനത്ത പോളിങ്.വൈകിട്ടു നാലു വരെ 62.40 ശതമാനമാണു പോളിങ്. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. അതിനിടെ, കള്ളവോട്ടിന് ശ്രമിച്ച ഒരാള്‍ പിടിയിലായി. പൊന്നുരുന്നി ക്രൈസ്റ്റ് കിങ് സ്‌കൂളില്‍ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പിടിയിലായത്.

പിറവ൦ പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസിന്റെ പേരിലാണ് ആല്‍ബിന്‍ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളുടെ മൊഴി രേഖപ്പെടുത്തുകയാണ്.

പി ടി തോമസ് അന്തരിച്ചതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ 1,96,805 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,22,819 പേര്‍ വോട്ട് ചെയ്തതായാണ് ഏറ്റവും ഒടുവിലെ കണക്ക് വ്യക്തമാക്കുന്നത്. 1,94,113 പേര്‍ക്കു വോട്ടവകാശമുണ്ടായിരുന്ന 2021ലെ തിരഞ്ഞെടുപ്പില്‍ 1,36,570 പേരാണ് (70.39 ശതമാനം) വോട്ട് രേഖപ്പെടുത്തിയത്. 14,329 വോട്ടിനായിരുന്നു പി ടി തോമസിന്റെ വിജയം. 2016 ലെ തിരഞ്ഞെടുപ്പിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്, 74.71 ശതമാനം. 11,996 വോട്ടിനായിരുന്നു അത്തവണ പി ടി തോമസ് വിജയിച്ചത്. മണ്ഡലം നിലവില്‍ വന്ന 2011ല്‍ 73.76 ശതമാനമായിരുന്നു പോളിങ്. ബെന്നി ബെഹ്‌നാന്‍ 22,406 വോട്ടിനാണ് അന്ന് ജയിച്ചത്.

രൂപീകരണം മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന തൃക്കാക്കരയുടെ ചരിത്രം ഇത്തവണ ആവര്‍ത്തിക്കുമോ അതോ ഇടതുമുന്നണിയ്ക്ക് നൂറാമത്തെ എം എല്‍ എയെ ലഭിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ ഇതില്‍ നേരിയ വ്യത്യാസമുണ്ടായി. സ്ഥാനാര്‍ഥികളായ ഉമാ തോമസും ജോ ജോസഫും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും പടമുകള്‍ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്ബര്‍ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പള്ളിയിലും അമ്ബലത്തിലും എത്തി പ്രാര്‍ത്ഥിച്ചതിനുശേഷം ഉമ തോമസ് പൈപ്പ്ലൈന്‍ ജങ്ഷനിലെ പോളിങ് ബൂത്തിലെത്തി വോട്ടുചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. ജനം അംഗീകരിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പോളിങ് ബൂത്തിലേക്ക് പുറപ്പെടും മുന്‍പ് പറഞ്ഞു. പിടിയുടെ ആത്മാവ് തനിക്ക് ഒപ്പമുണ്ടെന്നും, പ്രകൃതിപോലും അനുകൂലമായി നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.

സിക്സര്‍ അടിച്ച്‌ സെഞ്ചുറി അടിക്കുമെന്ന ആതമവിശ്വാസം ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് പങ്കുവച്ചു. യുഡിഎഫ് കോട്ട തകരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അട്ടിമറിയുണ്ടാകുമെന്നും ഓ രാജഗോപാലിന് ശേഷം നിയമസഭയില്‍ എത്തുന്നത് താനാകുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധേകൃഷ്ണന്‍ പറഞ്ഞു. പോളിങ്ങിന്റെ ആദ്യ മണിക്കൂറില്‍ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവ പരിഹരിച്ച്‌ ഉടന്‍ തന്നെ വോട്ടിങ് ആരംഭിക്കാനായി. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. 1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധി നിര്‍ണയിക്കുക. ഇതില്‍ 3633 പേര്‍ കന്നി വോട്ടര്‍മാരാണ്. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ടര്‍മാരിലുണ്ട്. എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്.

വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. ഉറച്ച കോട്ടയായ തൃക്കാക്കരയെ അതുപോലെ നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമം. അതേസമയം, തൃക്കാക്കര നേടി സെഞ്ചുറി തികയ്ക്കാനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46302/62-turnout-in-thrikkakara)