---
title: "സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Heavy rains in the state; Orange alert in six districts today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4662/heavy-rains-in-the-state-orange-alert-in-six-districts-today"
published_at: "2021-10-12T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6164eb54e9345_images - 2021-10-10T125409.406.jpeg"
keywords: []
---

# സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ ജാ​ഗ്രതാ നിര്‍ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിളും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4662/heavy-rains-in-the-state-orange-alert-in-six-districts-today)