---
title: "കേളക്കവല ജനവാസ കേന്ദ്രത്തിൽ കടുവ: ജനം ഭീതിയിൽ  "
english_title: "Tiger in Kelakavala habitat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46685/tiger-in-kelakavala-habitat"
published_at: "2022-06-02T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629860ca4c77d_n39176609416541533689243f322a08e22155776cfcdadb348fec8460a1196616d26ed250d98621cc6f67c4.jpg"
keywords: []
---

# കേളക്കവല ജനവാസ കേന്ദ്രത്തിൽ കടുവ: ജനം ഭീതിയിൽ  

> **Lead Summary:** **പുല്‍പള്ളി: **പുല്‍പള്ളി, പൂതാടി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ കേളക്കവല, മന്മഥന്‍മൂല പ്രദേശങ്ങള്‍ കടുവ ഭീതിയില്‍.

## Article Content

**പുല്‍പള്ളി: **പുല്‍പള്ളി, പൂതാടി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ കേളക്കവല, മന്മഥന്‍മൂല പ്രദേശങ്ങള്‍ കടുവ ഭീതിയില്‍.

ഒരാഴ്ചയ്ക്കിടെ പലദിവസവും രാത്രി പലരും കടുവയെ കാണുകയും വനപാലകരെത്തി കടുവയെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മന്മഥന്‍മൂലയില്‍ സ്വകാര്യ വ്യക്തികളുടെ കേസില്‍ പെട്ട 13 ഏക്കര്‍ സ്ഥലം വനമായി മാറിയിട്ടുണ്ട്. ബശവന്‍കൊല്ലി വനത്തില്‍ നിന്നിറങ്ങുന്ന വന്യമൃഗങ്ങള്‍ ഈ പ്രദേശം താവളമാക്കി. ചൊവ്വാഴ്ച രാത്രി പുത്തന്‍പുരയില്‍ ഷാജിയുടെ വീടിനു മുന്നില്‍ റോഡില്‍ കടുവയെ കണ്ടവരുണ്ട്.

വനപാലകരെത്തി പടക്കം പൊട്ടിച്ചു തുരത്തി. കഴിഞ്ഞ ദിവസം ഇവിടെ അശ്വിന്റെ ആട്ടിന്‍ കൂട്ടിലും കടുവയെത്തി. ആടുകളുടെ ബഹളം കേട്ടുണര്‍ന്ന വീട്ടുകാര്‍ പടക്കം പൊട്ടിച്ചു. വഴിയാത്രക്കാരായ പലരും രാത്രി കടുവയെ കാണാറുണ്ട്. ഇപ്പോള്‍ പകല്‍ സമയത്ത് തോട്ടങ്ങളിലിറങ്ങാനും ആളുകള്‍ക്ക് ഭയമാണ്. കേളക്കവല കണിയാട്ടുകുടിയില്‍ എല്‍ദോസിന്റെ രണ്ടാടുകളെ കഴിഞ്ഞ മാസം വന്യജീവി കൊന്നു. ഇതുവരെ ഒരു സഹായവും വനംവകുപ്പ് നല്‍കിയില്ല.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മിക്ക ദിവസവും വനപാലകര്‍ സ്ഥലത്തെത്താറുണ്ടെങ്കിലും ജനങ്ങളുടെ ഭീതിയകറ്റാനുള്ള നടപടിയൊന്നുമില്ല.

പ്രദേശത്ത് തെരുവ് വിളക്കുകളിലൊന്നും കത്താറില്ല. പലവട്ടം പഞ്ചായത്തില്‍ പരാതി നല്‍കി. കടുവ ഭീതിക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്നും തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. മന്മഥന്‍ മൂലയിലെ കാടുവെട്ടണമെന്നാവശ്യപ്പെട്ട് പൂതാടി പഞ്ചായത്തിലും പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46685/tiger-in-kelakavala-habitat)