---
title: "കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി: തോക്കിന് ലൈസൻസ് ഉള്ളവർ കുറവ്  "
english_title: "Permission to shoot wild boar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46985/permission-to-shoot-wild-boar"
published_at: "2022-06-03T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a151bdbc86_n39221118816542650367449459e383aabf177fe284c8036f54a020bce03815b6e81ed2305a8f76499812c7.jpg"
keywords: []
---

# കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി: തോക്കിന് ലൈസൻസ് ഉള്ളവർ കുറവ്  

> **Lead Summary:** **പാലക്കാട്: **ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ അനുമതിയുണ്ടെങ്കിലും തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ കൊല്ലാന്‍ സാധിക്കൂ.പാലക്കാട് വനം ഡിവിഷനു കീഴില്‍ 38 പേര്‍ക്ക് മാത്രമാണ് തോക്കിനു ലൈസന്‍സ് ഉള്ളത്.

## Article Content

**പാലക്കാട്: **ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ അനുമതിയുണ്ടെങ്കിലും തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ കൊല്ലാന്‍ സാധിക്കൂ.പാലക്കാട് വനം ഡിവിഷനു കീഴില്‍ 38 പേര്‍ക്ക് മാത്രമാണ് തോക്കിനു ലൈസന്‍സ് ഉള്ളത്.

ഇതില്‍  പലരും  ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാത്തവരാണ്. കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായ മേഖലകളില്‍ വലിയ കൃഷിനാശമാണ് ഉള്ളത്. ഇവിടങ്ങളില്‍ കര്‍ഷകര്‍ക്ക് തോക്കിന് ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ഇവയെ വെടിവച്ചു കൊല്ലാന്‍ സാധിക്കുകയുള്ളൂ. ഇതുവരെ 338 കാട്ടുപന്നികളെയാണ് പാലക്കാട് ഡിവിഷനില്‍ വെടിവച്ചു കൊന്നത്. ഒറ്റപ്പാലം, ഒലവക്കോട്, വാളയാര്‍ എന്നീ റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ഡിവിഷന്‍.

മിക്ക പഞ്ചായത്തുകളിലും ലൈസന്‍സുള്ളവര്‍ കുറവാണെന്നതാണ് പ്രധാന വെല്ലുവിളി. കാട്ടുപന്നിയുടെ ആക്രമണം മൂലം ജനങ്ങള്‍ക്ക് അപകടം സംഭവിക്കുന്നതും കൂടുതലാണ്. മഴക്കാലമാകുന്നതോടെ കാട്ടുപന്നികളുടെ ശല്യം വര്‍ദ്ധിക്കാനാണ് സാധ്യത. ആ സമയത്ത് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈസന്‍സ് എടുക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ നാമമാത്രമായ ലൈസന്‍സുള്ള തോക്കുകാരെകൊണ്ട് കാട്ടുപന്നി പ്രശ്നം തീര്‍ക്കാന്‍ കഴിയില്ലെന്നു കര്‍ഷകര്‍ പറയുന്നു . പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ലൈസന്‍സുള്ള തോക്കുടമകള്‍ക്കും തദ്ദേശസ്ഥാപന മേധാവിയുടെ അനുമതയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാമെന്നാണ് പുതിയ നിയമം. പന്നിശല്യം ഏറെയുള്ള നാട്ടിന്‍പുറങ്ങളില്‍ പൊലീസിന്റെയും വനംവകുപ്പിന്റെയും സേവനം എപ്പോഴും ലഭ്യമാകണമെന്നില്ല.

ഇത്തരം സാഹചര്യത്തില്‍ ലൈസന്‍സുള്ള തോക്കുടമകളാവും പ്രയോജനപ്പെടുക. വന്യജീവി സങ്കേതത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് ലഭ്യമാവണമെങ്കില്‍ വനംവകുപ്പിന്റെ എന്‍.ഒ.സി നിര്‍ബന്ധമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46985/permission-to-shoot-wild-boar)