---
title: "മാസ്കില്ലെങ്കിൽ  വിമാനത്തിൽ കയറ്റില്ല:  കർശന നിർദ്ദേശം നൽകി ദില്ലി ഹൈക്കോടതി "
english_title: "Do not board without a mask"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46996/do-not-board-without-a-mask"
published_at: "2022-06-03T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a2019e1743_n39223262616542677838956ddbc627c8376b857b19f7bede12d8f88b19ce60d2c69a7dbccceba8916bc129.jpg"
keywords: []
---

# മാസ്കില്ലെങ്കിൽ  വിമാനത്തിൽ കയറ്റില്ല:  കർശന നിർദ്ദേശം നൽകി ദില്ലി ഹൈക്കോടതി 

> **Lead Summary:** വിമാനത്തിലും എയര്‍പോര്‍ട്ടിലുമുള്‍പ്പെടെ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

## Article Content

വിമാനത്തിലും എയര്‍പോര്‍ട്ടിലുമുള്‍പ്പെടെ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തുന്നതിനൊപ്പം അത്തരക്കാരെ 'നോ-ഫ്ളൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. വിമാനങ്ങളിലും എയര്‍പോര്‍ട്ടുകളിലും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് സി ഹരിശങ്കര്‍ കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് ആഭ്യന്തര വിമാനയാത്ര നടത്തിയപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് സി ഹരിശങ്കര്‍ 2021 മാര്‍ച്ച്‌ അഞ്ചിന് കൊല്‍ക്കത്തയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് നടത്തിയ യാത്രയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തിലേക്ക് കയറുന്ന യാത്രക്കാരില്‍ പലരും ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ചില യാത്രക്കാര്‍ ജീവനക്കാരോട് ധിക്കാരപൂര്‍വം പെരുമാറുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം മനസിലാക്കിയാണ് മാര്‍ച്ച്‌ എട്ടിന് സ്വമേധയാ കേസ് എടുക്കുന്നത്. വാദത്തിനിടയില്‍ എന്‍-95 മാസ്‌ക് ധരിക്കാന്‍ തയ്യാറാകാത്തവര്‍ ഒരു സര്‍ജിക്കല്‍ മാസ്‌ക് എങ്കിലും ധരിക്കണമെന്നാണ് കോടതി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ഇപ്പോഴും കൊവിഡ് വിട്ടൊഴിഞ്ഞിട്ടില്ല. ഇതൊക്കെ മറന്ന രീടിയിലാണ് ജനങ്ങളില്‍ പകുതിയിലധികവും പെരുമാറുന്നതെന്നും കോടതി നിരീക്ഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46996/do-not-board-without-a-mask)