---
title: "സ്വർണ്ണം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി: പോലീസ് ചമഞ്ഞ് 10 ലക്ഷം രൂപ തട്ടി, നാലു പേർ പിടിയിൽ "
english_title: "Four arrested for embezzling Rs 10 lakh from police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47002/four-arrested-for-embezzling-rs-10-lakh-from-police"
published_at: "2022-06-03T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a29baecc2f_n392229410165427017159579d582552741ff94700dbb0e8dc843338003411bac82ad01bfb45f242a0948f1.jpg"
keywords: []
---

# സ്വർണ്ണം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി: പോലീസ് ചമഞ്ഞ് 10 ലക്ഷം രൂപ തട്ടി, നാലു പേർ പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: **സ്വര്‍ണം കൈമാറാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് ധരിപ്പിച്ച്‌ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേര്‍ പിടിയില്‍.

## Article Content

**കോഴിക്കോട്: **സ്വര്‍ണം കൈമാറാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് ധരിപ്പിച്ച്‌ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേര്‍ പിടിയില്‍.

പയ്യോളി സ്വദേശിയായ കെ റാഷിദിന്റെ പരാതിയിന്മേല്‍ നടക്കാവ് പൊലീസാണ്‌ഇവരെ പിടികൂടിയത്. മലപ്പുറം സ്വദേശി നവാസ്, തിരുവനന്തപുരം സ്വദേശി ജിജോ ലാസര്‍, കണ്ണൂര്‍ സ്വദേശി ഷാജിദ്, ആലപ്പുഴ സ്വദേശി സുഭാഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെ, തവണ വ്യവസ്ഥയില്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ പരാതിക്കാരെ ബന്ധപ്പെട്ടു. 10 ലക്ഷം രൂപ നല്‍കിയാല്‍ അരക്കിലോ സ്വര്‍ണം കൈമാറാം എന്നതായിരുന്നു വാഗ്ദാനം. കോഴിക്കോട്ടെ ഒരു മാളില്‍ വെച്ച്‌ കൈമാറാം എന്നതായിരുന്നു ധാരാണ. ഇതുപ്രകാരം മാളില്‍ പണം കൈമാറവെ മറ്റ് പ്രതികള്‍ പൊലീസ് ആണെന്ന് അവകാശപ്പെട്ടെത്തുകയും തുടര്‍ന്ന് പണം തട്ടിപ്പറിച്ച്‌ ഓടുകയായിരുന്നു.

പണം നഷ്ടപ്പെട്ടെതിനെ തുടര്‍ന്ന് റാഷിദ് അന്ന് തന്നെ പരാതി നല്‍കി. പരാതിയിന്മേല്‍ കേസെടുത്ത പൊലീസ് സംഭവ ദിവസം തന്നെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റ് പ്രതികള്‍ പാലക്കാട്ടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ പാലക്കാട്ടെത്തി പിടികൂടുകയായിരുന്നു. തട്ടിയെടുത്ത പണം പ്രതികള്‍ പല ഇടങ്ങളിലേക്കായി മാറ്റിയിട്ടുണ്ടെന്നും പണം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47002/four-arrested-for-embezzling-rs-10-lakh-from-police)